തിരുവനന്തപുരം: കർഷകരിൽനിന്ന് കോടികൾ മുടക്കി സർക്കാർ സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ലിൽ നല്ലൊരു ശതമാനവും എത്തുന്നത് ജനപ്രിയ ബ്രാൻഡ് അരിമിൽ ഉടമകളുടെ മില്ലുകളിലേക്ക്. ഇതോടെ സി.എം.ആർ എന്ന പേരിൽ തെക്കൻ കേരളത്തിലടക്കമുള്ള റേഷൻ കടകളിലെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന വിലകുറഞ്ഞ വെള്ളയരി. ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് വരെ മൂന്നുമാസമായി മോശമായ പഴകിയ അരി എത്തിയതോടെ കാർഡുടകളിൽ പലരും റേഷൻ വാങ്ങാതെ മടങ്ങുകയാണെന്ന് വ്യാപാരികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
സപ്ലൈകോ-കൃഷി വകുപ്പ് ഉന്നതരുടെ ഒത്താശയോടെയാണ് കോടികളുടെ തട്ടിപ്പ്. ഭക്ഷ്യവകുപ്പിനും നവകേരള സദസ്സിലും നിരവധി പരാതി നൽകിയെങ്കിലും പരിശോധനപോലും നടത്താതെ ഒതുക്കിത്തീർക്കുകയായിരുന്നുവെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു.
നെല്ല് സംഭരണത്തിൽ നാൽപതോളം സ്വകാര്യ മില്ലുകളാണ് സർക്കാറുമായി കരാറിലെത്തിയത്. പലരും പ്രമുഖ ബ്രാൻഡുകളുടെ ബിനാമികളാണ്. സംഭരിക്കുന്ന മുന്തിയ ഇനം നെല്ല് അരിയാക്കി (മട്ട / സി.എം.ആർ) തിരികെ സപ്ലൈകോക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ, മില്ലുടമകൾ ഈ അരി പോളിഷ് ചെയ്ത് വിവിധ ബ്രാൻഡുകളുടെ പേരിൽ വൻ വിലയ്ക്ക് മൊത്തവിപണിയിൽ എത്തിക്കുകയാണ്. പകരം മില്ലുകളിൽ കെട്ടിക്കിടക്കുന്ന പഴകിയ മട്ട അരിയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ വെള്ള അരിയും കൂട്ടിക്കലർത്തി എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്കും എത്തിക്കും.
നെല്ല് സംഭരിക്കുമ്പോൾ മൊത്തം ശേഖരത്തിന്റെ 500 ഗ്രാം വീതം രണ്ട് പാക്കറ്റിലാക്കി മാറ്റണമെന്നാണ് കരാർ. ഒന്നിൽ പാടശേഖര സമിതി കൺവീനറും രണ്ടാമത്തേതിൽ മില്ലിന്റെ പ്രതിനിധിയും ഒപ്പുവെക്കണം. പാക്കറ്റുകൾ സീൽ ചെയ്ത് സപ്ലൈകോയെ ഏൽപിക്കണം. ഏതെങ്കിലും സന്ദർഭത്തിൽ പരാതി ഉയർന്നാൽ ബാച്ച് നമ്പർ ഉപയോഗിച്ച് അരി വ്യാജമാണോയെന്ന് തിരിച്ചറിയാം. ഈ വ്യവസ്ഥ ഭൂരിഭാഗം മില്ലുകാരും പാലിക്കുന്നില്ല.
മില്ലുകളിൽനിന്ന് അരി എടുക്കുംമുമ്പ് ഗുണനിലവാരം പരിശോധിച്ച് വിതരണയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് ചട്ടമെങ്കിലും ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ കൈക്കൂലി നൽകി മില്ലുകാർ ചാക്കുകൾ മറിക്കുകയാണെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എറണാകുളത്തെ ഏഴ് മില്ലുകളിൽനിന്ന് മായംകലർന്ന അരി സംസ്ഥാന ഭക്ഷ്യ കമീഷൻ കണ്ടെത്തിയിരുന്നു. കമീഷൻ മില്ലുകൾക്കെതിരെ റിപ്പോർട്ട് നൽകിയെങ്കിലും നടപടി ഫയലിൽ ഉറങ്ങുകയാണ്.
'മുഖ്യമന്ത്രിക്കടക്കം നിരന്തരം പരാതി നൽകിയിട്ടും മില്ലുടമകളുടെ ഗോഡൗണുകളിലേക്ക് ഒരു പരിശോധനയും ഉണ്ടാകുന്നില്ല. ഉദ്യോഗസ്ഥരോട് പറയുമ്പോൾ വെള്ള മട്ടയാണെന്നാണ് പറയുന്നത്. ശാസ്ത്രീയ പരിശോധനയിൽ മായം കലർന്ന അരി മില്ലുകൾ വഴി റേഷൻ കടകളിലെത്തിയതായി കണ്ടെത്തിയിട്ടും പരിശോധനക്ക് തയാറാകുന്നില്ല. ക്രമക്കേട് കണ്ടെത്തിയ മില്ലുകളെ തന്നെ പിന്നീട് ഭക്ഷ്യവകുപ്പ് നെല്ല് സംഭരണ കരാർ ഏൽപിക്കുകയാണ്.'
രാജു (റേഷൻ വ്യാപാരി, പരാതിക്കാരൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.