ഇടുക്കി സർവേ ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവ്

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബുവിനെതിരെ അച്ചടക്ക നടപടിക്ക് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഡിജിറ്റൽ സർവേ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഡെപ്യൂ‌ട്ടി ഡയറക്ടർ എന്ന നിലയിൽ ആർ. ബാബുവിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന സർവേ ഡയറക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്നും നേരത്തെ അദ്ദേഹത്തെ സസ്പെൻറ് ചെയ്തിരുന്നു. തീർത്തും നിരുത്തരവാദപരമായ സൂക്ഷ്മത കുറവും നോട്ടകുറവും സർവേ പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടതിനാലാണ് ചട്ട പ്രകാരം അച്ചടക്ക നടപചടി സ്വീകരിക്കാൻ ഉത്തരവായത്.

പരിശോധനയിൽ സർവേ ഡയറക്ടറുടെ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ലഭിച്ചത്. നാളിതുവരെ ഡിജിറ്റൽ സർവേ അവലോകനയോഗങ്ങൾ കൂടുകയോ കലക്ടർ വിളിച്ച യോഗങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. സർവേ പ്രവർത്തനങ്ങൾക്ക് വേഗം പകരാനുള്ള ഒരു തരത്തിലുള്ള നടപടി സ്വീകരിച്ചില്ലെന്നും പരിശോധനയിൽ ബോധ്യപ്പെട്ടു.

മാസങ്ങൾക്ക് മുമ്പ് ഡിജിറ്റൽ ലാൻഡ് സർവേ റിവ്യൂ യോഗങ്ങളിൽ കർശന നിർദേശം നൽകിയിട്ടും മിക്ക വില്ലേജുകളിലും സർവേ പ്രവർത്തങ്ങൾക്കാവശ്യമായ രീതിയിൽ സർവേയർമാരെ ശരിയായി വിന്യസിച്ചില്ല. വില്ലേജകളിലേ പുരോഗതിയെ കാര്യമായി ബാധിച്ചു. ഇത് വില്ലേജുകളിലെ കാര്യക്ഷമവും സമയബന്ധിതവുമായ സർവേ പൂർത്തീകരണത്തിന് വിഘാതമായി തീരുകയും ചെയ്തു. ജില്ലകളിലെ സർവേ ടീമുകളുടെ കൃത്യമായ വിന്യാസം ഉറപ്പാക്കുന്നതിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനായ സർവേ ഡെപ്യൂട്ടി ഡയറക്ടർ ഗുരുതരമായ വീഴ്ച വരുത്തിയെന്നും കണ്ടെത്തി.

താരതമ്യേന കുറഞ്ഞ പുരോഗതിയുള്ള വില്ലേജുകളിലേക്ക് ടീമിനെ മാറ്റി നിയോഗിച്ചിട്ടില്ല. ഇത്തരത്തിൽ സർവേ പുരോഗതി ഇല്ലാത്ത വില്ലേജുകളിൽ ആവശ്യത്തിൽ കൂടുതൽ സർവേ ഉപകരണങ്ങൾ നിഷ് ക്രിയമായി വെച്ചത് വഴി ഡിജിറ്റൽ ലാൻഡ് സർവേ ഫണ്ട് ദുരുപയോഗത്തിനു ഇത് കാരണമായി. ഏറ്റവും കൂടുതൽ ഉപകരണങ്ങൾ നിഷ്ക്രിയമാക്കി വെച്ചത് വാത്തിക്കൂടി, കൽകൂന്തൽ എന്നീ വില്ലേജുകളിലാണ്.

ഇടുക്കി ക്യാമ്പ് ഡ്യൂട്ടിക്കായി ഓഫിസ് മാനേജരെ ഇപ്പോഴും നിയമിച്ചിട്ടില്ല. ഉദ്യോഗസ്ഥർ ജോലിക്ക് പോകുന്നത് സംബന്ധിച്ച് സമയം രേഖപ്പെടുത്തുന്ന രജിസ്റ്റർ ഓഫിസിൽ സൂക്ഷിച്ചിട്ടില്ല. സർവേ ഉപകരണങ്ങളായ ആർ.ടി.കെ, ആർ-ഇ.ടി.എസ് മെഷീനുകൾ വിതരണം ചെയ്യുന്ന രജിസ്റ്ററുകൾ സൂക്ഷിച്ചിട്ടില്ല. ഡിജിറ്റൽ സർവേയുടെ പ്രവർത്തനത്തിനായി അനുവദിച്ചിട്ടുള്ള വാഹനങ്ങൾ കൃത്യമായ ഷെഡ്യൂൾ തയാറാക്കി ഫീൽഡിൽ അയക്കാത്തതിനാൽ സർവേ ടീമിനു സമയം നഷ്ടമായി. ഇത് സർവേ പ്രവർത്തന പുരോഗതിയെ പ്രതികൂലമായി ബാധിച്ചു.

ഇടുക്കി ജില്ലയിൽ 13 വില്ലേജുകൾക്കായി 15 വാഹനങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ കൂടുതൽ വിസ്തീർണമുള്ള വില്ലേജുകളിൽ ശരിയായ രീതിയിൽ വാഹനങ്ങൾ അനുവദിച്ചു സർവേ പ്രവർത്തനങ്ങൾക്കു ഷെഡ്യൂൾ ചെയ്തതില്ല. ചില വില്ലേജുകളിൽ സർവേ പ്രവർത്തനങ്ങൾക്കായി ആവശ്യത്തിൽ കൂടുതൽ ജീവനക്കാരെ വിന്യസിച്ചിരിക്കുന്നതിനാൽ അനുവദിച്ചിരിക്കുന്ന വാഹനങ്ങളിൽ യഥാസമയം ജീവനക്കാരെ ഫീൽഡ് ജോലികൾക്കായി എത്തിക്കാൻ സാധിച്ചില്ല.

നിലവിലുള്ള വിഭവശേഷി ശരിയാംവണ്ണം വിനിയോഗിക്കാത്തതിനാൽ പുരോഗതി കൈവരിക്കുന്നതിന് തടസമായി. ഇടുക്കി ജില്ലയിൽ 85 ഗവ. സർവേയർ, 19 എംപ്ലോയ്മെന്റ്റ് സർവേയർ, 73 കോൺട്രാക്ട് സർവേയർ എന്നിങ്ങനെ ഉണ്ടായിരുന്നിട്ടും 149 ആർ.ടി.കെ സർവേ ഉപകരണങ്ങളിൽ ശരാശരി 105 ഉപകരണങ്ങൾ മാത്രമാണ് ദിവസേന ഫീൽഡ് ജോലിക്ക് ഉപയോഗിച്ചത്.ഡിജിറ്റൽ സർവേ പ്രവർത്തനതിന്റെ തൽസ്ഥിതി വിവരം സംബന്ധിച്ച് ഡോപ്യൂട്ടി ഡയറക്ടർക്ക് യാതൊരു ധാരണമില്ല. ഓരോ വില്ലേജിന്റെയും വിസ്തീർണ്ണമോ, പുരോഗതിയോ, ടാർഗറ്റുകളോ ഡെപ്യുട്ടി ഡയറക്ടർക്കു വിശദീകരിച്ചു നൽകാൻ സാധിക്കുന്നില്ല.

ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൻ്റെ പ്രവർത്തനം പരിശോധിച്ചതിൽ ഇടുക്കി ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനം കാര്യക്ഷമമായി നടത്തിയില്ല. സർവേ ഡയറക്ടറേറ്റിൽ നിന്നും നിരന്തരമായി നൽകുന്ന നിർദേശങ്ങൾ പാലിച്ചില്ല. വളരെ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട ജോലിയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലക്ക് മാത്രമായി 10 ആർ.ടി.കെ ഉപകരണങ്ങൾ പട്ടയ സർവേക്കായി മൂന്ന് മാസം മുൻപ് അനുവദിച്ചിരുന്നു. എന്നാൽ നാളിതുവരെയായി നൽകിയ 10 ഉപകരണങ്ങൾ പൂർണമായി വിനിയോഗിക്കുകയോ, ജീവനക്കാർക്ക് ട്രെയിനിങ് നൽകുകയോ ചെയ്തിട്ടില്ല.

സന്ദർശന വേളയിൽ ഇതുവരെയും ഉപയോഗിക്കാത്ത അഞ്ച് ആർ.ടി.കെ ഉപകരണങ്ങൾ അവസാന ആഴ്‌ചയിൽ തിരികെ നൽകി. സർവേ പ്രവർത്തനങ്ങളുടെ റിവ്യൂ ഡെപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ ഒരു വർഷമായി നടത്തിയിട്ടില്ല. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ എണ്ണം ജീവനക്കാരില്ല എന്ന് മനസിലാക്കിയിട്ടും പരിഹരിക്കുന്നതിനുള്ള എണ്ണം കോൺട്രാക്ട് ജീവനക്കാരെ റിക്രൂട്ട് ചെയ്തിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

Tags:    
News Summary - Disciplinary action ordered against Deputy Director of Survey, Idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.