തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ സർക്കാറിനെതിരെ കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്ത് എത്തിയിട്ടും കാര്യമായി പ്രതികരിക്കതെ സി.പി.എം. സൈബർ രംഗത്തെ പോരാട്ടത്തിനപ്പുറം ശിവശങ്കറിന്റെ പുസ്തകത്തോടും സ്വപ്ന സുരേഷിന്റെ മറുപടിയോടും സി.പി.എം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരുതലോടെയാണ് പാർട്ടി നീക്കം.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പലതും ചെന്നുതറയ്ക്കുന്നത് ശിവശങ്കറിനൊപ്പം സർക്കാറിനുനേെര കൂടിയാണ്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി നൽകിയത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ശിവശങ്കർ തള്ളിയിരുന്നു. താൻ ഇടപെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ശിവശങ്കറിന്റെ ഇടപെടൽ സ്വപ്ന തുറന്നുപറഞ്ഞു. മാത്രമല്ല, തന്റെ ഭർത്താവ് ജയശങ്കർക്ക് കെ ഫോണിൽ ലോജിസ്റ്റിക് മാനേജരായി ജോലി കിട്ടിയതിലും ശിവശങ്കറാണ് ഇടപെട്ടതെന്നും സ്വപ്ന അവകാശപ്പെടുന്നു.
സ്വപ്നക്ക് ജോലി നൽകിയതിനെ കുറിച്ച അന്വേഷണം ഏറക്കുറെ നിലച്ചിരിക്കുകയാണ്. പുതിയ വെളിപ്പെടുത്തലോടെ പൊലീസിന് കൂടുതൽ അന്വേഷണം നടത്തേണ്ടിവരും. ജയശങ്കർക്ക് ജോലി നൽകിയതും സർക്കാറിന് അന്വേഷിക്കാതിരിക്കാനാകില്ല. ലൈഫ് പദ്ധതിയിലെ കൈക്കൂലി ഇടപാടിലും വിജിലൻസിന് കൂടുതൽ അന്വേഷണം നടത്തേണ്ടി വരും.
സ്വർണക്കടത്ത് കേസ് വീണ്ടും രാഷ്ട്രീയ ആയുധമാക്കുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും തിരിയുകയാണ്. ഇത്രയൊക്കെ നടന്നിട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയുടെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശിവശങ്കർ പുസ്തകമെഴുതിയത് സർക്കാർ അനുമതിയില്ലാതെയാണ്. ഇതിൽ നടപടി വരുമോ എന്നതാണ് പ്രധാനം. ഡി.ജി.പി റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ സമാന വിഷയത്തിൽ സർക്കാർ സസ്പന്‍ഡ് ചെയ്തിരുന്നു.
ശിവശങ്കറുടെ പുസ്തകമാണ് എല്ലാവരും മറന്നുകഴിഞ്ഞ സ്വർണക്കടത്ത് വിവാദം വീണ്ടും തുറന്നുവിട്ടതെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്.
സ്വപ്നയും ശിവശങ്കറും തമ്മിലെ വ്യക്തിപരമായ ഭിന്നതയാണെന്ന് കരുതുന്നവരുമുണ്ട്. നിയമസഭ ഉടൻ ചേരാനിരിക്കെ പ്രതിപക്ഷത്തിന് സർക്കാറിനെതിരെ ആഞ്ഞടിക്കാൻ പുതിയ തലം ലഭിക്കുകയാണ്. ഭരണപക്ഷത്തിന് പ്രത്യാക്രമണത്തിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.