കൊച്ചി: വിരമിക്കുമ്പോൾ 15 വർഷത്തിൽ താഴെ മാത്രം സർവിസുള്ളവർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ബി.പി.സി.എൽ മാനേജ്മെന്‍റിന്‍റെ സർക്കുലർ ഹൈകോടതി റദ്ദാക്കി. 2021 ജൂൺ ഒന്നിന് 15 വർഷം തികഞ്ഞ ജീവനക്കാർക്കു മാത്രമേ വിരമിച്ച ജീവനക്കാർക്കുള്ള മെഡിക്കൽ ആനുകൂല്യത്തിന് അർഹതയുള്ളൂവെന്ന് വ്യക്തമാക്കി പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസോസിയേഷൻ, കൊച്ചിൻ റിഫൈനറി വർക്കേഴ്‌സ് അസോസിയേഷൻ, റിഫൈനറി എംപ്ലോയീസ് യൂനിയൻ, ബി.പി.സി.എൽ മസ്‌ദൂർ സംഘ് എന്നിവർ നൽകിയ ഹരജികൾ പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.
3997 ജീവനക്കാർക്കാണ് ഈ സർക്കുലർ നിമിത്തം ആനുകൂല്യം നഷ്ടമായത്. ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് എന്‍റർപ്രൈസസ് നൽകിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2013 മേയ് 30ന് ഒപ്പിട്ട ദീർഘകാല കരാറിൽ ഉൾപ്പെടുത്തിയാണ് വിരമിക്കുന്ന ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയതെന്നും ഇതിൽനിന്ന് ഏകപക്ഷീയമായി ഒരുവിഭാഗം ജീവനക്കാരെ ഒഴിവാക്കാനാവില്ലെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.