പാലക്കാട്: മലബാർ സിമന്റ്സ് എം.ഡി എം. മുഹമ്മദാലി രാജിക്കത്ത് നൽകി. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നും മാർച്ച് 31 വരെ മാത്രമേ തുടരുകയുള്ളൂവെന്നും കത്തിൽ പറയുന്നു. എന്നാൽ, യൂനിയനുകളും എം.ഡിയും തമ്മിലെ ശീതസമരമാണ് പിന്നിലെന്നാണ് സൂചന.
സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ എം.ഡിയെ കഴിഞ്ഞ മാസം ഉപരോധിച്ചിരുന്നു. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളിൽ എം.ഡി ചർച്ചക്ക് തയാറാകുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതേതുടർന്നാണ് ഉപരോധം നടത്തിയത്. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം എം.ഡി നിഷേധിക്കുന്നതായും അധിക സമയം ജോലി എടുപ്പിക്കുന്നതായും യൂനിയനുകൾ ആരോപിക്കുന്നു. പലതവണ സമയം ചോദിച്ചിട്ടും ചർച്ചക്ക് വിസമ്മതിച്ചെന്നും തുടർന്നാണ് ഉപരോധം നടത്തിയതെന്നും സി.ഐ.ടി.യു നേതാക്കൾ പറയുന്നു. ഇക്കാര്യം വ്യവസായ മന്ത്രിയെയും യൂനിയനുകൾ അറിയിച്ചിരുന്നു.
തമിഴ്നാട്ടിലെ സ്വകാര്യ സിമന്റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണ് എം.ഡി സ്വീകരിക്കുന്നതെന്ന ആരോപണവും യൂനിയനുകൾ ഉന്നയിക്കുന്നു. എന്നാൽ, കമ്പനിയെ ലാഭത്തിലാക്കാനുള്ള പരിശ്രമത്തിനിടയിൽ യൂനിയനുകൾ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് എം.ഡിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ഇത്തരത്തിലുള്ള ഭിന്നതകളുടെ തുടർച്ചയാണ് രാജിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.