ആൻറണി രാജു

അതൃപ്തി, ആശങ്ക: ബസുടമകൾ ഇന്ന് ഗതാഗതമന്ത്രിയെ കാണും

തിരുവനന്തപുരം: വിദ്യാർഥി യാത്രനിരക്ക് വർധിപ്പിക്കാതെയുള്ള ചാർജ് വർധനയിലെ അതൃപ്തിയും ആശങ്കയുമറിയിക്കാൻ സ്വകാര്യ ബസുടമ പ്രതിനിധികൾ ശനിയാഴ്ച ഗതാഗത മന്ത്രിയെ നേരിൽ കാണും. 30നു ചേർന്ന ഇടതുമുന്നണി യോഗത്തിൽ നിരക്ക് വർധനക്ക് തത്ത്വത്തിൽ തീരുമാനമായെങ്കിലും ഉത്തരവിറങ്ങാൻ വൈകുന്ന സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം. അതേസമയം, നിരക്ക് വർധന സംബന്ധിച്ച് മന്ത്രി സഭയുടെ അനുമതി വേണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. മുൻകാല വർധനയിലെല്ലാം ഇത്തരത്തിൽ മന്ത്രിസഭ തീരുമാനമുണ്ടായിരുന്നു. നടപടികൾ പുരോഗമിക്കുകയാണെങ്കിലും ഉത്തരവിറങ്ങാൻ ഒരാഴ്ചയെങ്കിലുമെടുക്കും. ഡീസൽ വില കുതിക്കുന്നതും വിദ്യാർഥി യാത്ര നിരക്കുമാണ് ശനിയാഴ്ചയിലെ കൂടിക്കാഴ്ചയിൽ ബസുടമകൾ പ്രധാനമായും ഉന്നയിക്കുക. തങ്ങളുടെ പ്രധാന ആവശ്യമായി കൺസഷൻ നിരക്ക് വർധിപ്പിക്കാതെ മിനിമം ചാർജ് മാത്രം കൂടിയത് കെ.എസ്.ആർ.ടി.സിയെ സഹായിക്കാനാണെന്നാണ് ബസുടമകളുടെ ആരോപണം. 50 ലക്ഷത്തോളം വിദ്യാർഥികളിൽ ഏഴു ലക്ഷം പേരെ മാത്രമാണ് കെ.എസ്.ആർ.ടി.സി കൊണ്ടുപോകുന്നതും ഭൂരിഭാഗം വിദ്യാർഥികളും സ്വകാര്യബസുകളെയാണ് ആശ്രയിക്കുന്നതെന്നും ബസുടമകൾ പറയുന്നു. എന്നാൽ, തങ്ങളുന്നയിച്ച ന്യായമായ ആവശ്യമാണ് വിദ്യാർഥി നിരക്ക് വർധനയെന്നും ഇക്കാര്യം സർക്കാർ പരിഗണിച്ചിട്ടേയില്ലെന്നുമാണ് ഇവരുടെ പരാതി.

ചാർജ് വർധന ആവശ്യമുന്നയിച്ച ഘട്ടത്തിൽ 92 രൂപയായിരുന്ന ഡീസൽ വില 100 രൂപ പിന്നിട്ടു. ഒരു ബസിന് ശരാശരി 60 ലിറ്റർ ഡീസലാണ് പ്രതിദിനം വേണ്ടത്. ഇപ്പോഴത്തെ ഇന്ധനനിരക്കുമായി തട്ടിക്കുമ്പോൾ 500 രൂപയിലേറെ ഇന്ധന ഇനത്തിൽ പ്രതിദിനം അധികബാധ്യതയാണ്. ഇക്കാര്യങ്ങളെല്ലാം മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഓട്ടോകളുടെ മിനിമം നിരക്ക് 25ൽനിന്ന് 30 രൂപയാക്കിയെങ്കിലും മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നരയിൽനിന്ന് രണ്ട് കിലോമീറ്ററാക്കിയത് അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.ടി.യു.സിയും ഐ.എൻ.ടി.യു.സിയും രംഗത്തെത്തിയിട്ടുണ്ട്. മിനിമം ദൂരം ഉയർത്തിയതോടെ നിരക്കുവർധനയുടെ പ്രയോജനം ഫലത്തിൽ ഇല്ലാതായെന്നാണ് തൊഴിലാളികളുടെ പരാതി. ശാസ്ത്രീയമായ നിരക്കു പരിഷ്കരണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂനിയനുകൾ സംയുക്തമായി ഗതാഗത മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Dissatisfaction and concern: Bus owners will meet Transport Minister today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.