തെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് വേറിട്ട പദ്ധതിയുമായി കൊച്ചി ഭരണകൂടം

കൊച്ചി: തെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് വേറിട്ട പദ്ധതിയുമായി കൊച്ചി ജില്ലാ ഭരണകൂടം. മെട്രോ നഗരത്തിന്റെ രാത്രി കാഴ്ചകളിൽ ഏറ്റവും അസഹനീയമായ ഒന്നാണ് തെരുവിൽ അന്തിയുറങ്ങുന്ന മനുഷ്യരുടേത്. മെട്രോ തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ മുന്നൂറോളം പേർ നഗരത്തിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്.

കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷ പ്രശ്നങ്ങളും നിരവധിയാണ്. അസംഘടിത തൊഴിലുകളിൽ ഏർപ്പെടുന്നവർ, ഭിക്ഷ യാചിക്കുന്നവർ, മാനസിക ശാരീരിക വൈകല്യം ഉള്ളവർ, ലഹരിക്ക് അടിമപ്പെട്ടവർ, നാടോടി കച്ചവടക്കാർ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ളവരാണ് നഗരത്തിൽ ഉള്ളത്. പൊതു ശൗചാലയങ്ങൾ വർധിച്ചതും സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണവും നടക്കുന്നതിനാൽ പലരും തെരുവ് ജീവിതം തുടരുന്ന അവസ്ഥയാണ്.

കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ മേയർ, സിറ്റി പൊലിസ് കമീഷണർ, ജില്ലാ സാമൂഹിക നീതി ഓഫിസർ, ജില്ലാ വികസന കമീഷണർ, കേന്ദ്ര സർക്കാരിന്റെ സ്‌മൈൽ പദ്ധതിയുടെ നിർവഹണ എജൻസിയായ പീസ് വാലി ഫൌണ്ടേഷൻ എന്നിവരടങ്ങുന്ന കൂട്ടായ്മ ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നഗരത്തിൽ രാത്രികാല ഷെൽട്ടർ സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവരുടെ കൃത്യമായ വിവര ശേഖരണം ആരംഭിച്ചു. ഇടപ്പള്ളി മുതൽ വൈറ്റില വരെ പന്ത്രണ്ട് ഇടങ്ങളിലായി 36 പേരുടെ സർവേ ടീം ആണ് പ്രഥമിക വിവരശേഖരണം പൂർത്തിയാക്കിയത്. ഇത്തരത്തിൽ കഴിയുന്ന 109 ആളുകളെ സർവേയിലൂടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

സർവേ നടപടികളുടെ ഉദ്ഘാടനം കലക്ടർ എൻ.എസ്.കെ. ഉമേഷ് നിർവഹിച്ചു. എം.ജി. യൂനിവേഴ്സിറ്റി, കോഴിക്കോട് സാഫി, തൃക്കാക്കര കെ.എം.എം, പെരുമ്പാവൂർ ജയ്ഭാരത്, കോതമംഗലം മാർ ഏലിയാസ് എന്നീ കോളേജുകളിലെ സോഷ്യൽ വർക്ക്‌ വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു.

നഗരപ്രദേശങ്ങളിൽ യാചക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസമാണ് പദ്ധതി ലക്ഷ്യമിടുക്കുന്നത്. സർവേ, തിരിച്ചറിയൽ, മൊബിലൈസേഷൻ, റെസ്ക്യൂ ഷെൽട്ടർ, സമഗ്ര പുനരധിവാസം എന്നിങ്ങനെയാണ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ. സർവേയിലൂടെ കണ്ടെത്തുന്ന ആളുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൗൺസിലിങ്, വിദ്യാഭ്യാസ നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തൽ തുടങ്ങിയ പ്രക്രിയകൾ ജന പ്രതിനിധികളുമായി കൂടിയാലോചിച്ചു നടപ്പിലാക്കുമെന്ന് കലക്ടർ അറിയിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ്, പീസ് വാലി ഫൗണ്ടേഷൻ കോ ഓഡിനേറ്റർ സാബിത് ഉമ്മർ എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.

Tags:    
News Summary - District administration with a separate scheme aimed at comprehensive rehabilitation of street dwellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.