നവരസങ്ങളില്‍ ദമയന്തി; അരങ്ങില്‍ മിനുങ്ങി ജില്ലാ കലക്ടര്‍

കൽപ്പറ്റ: നീട്ടിയെഴുതിയ ദമയന്തിയുടെ കണ്ണുകളില്‍ ഭാവങ്ങളുടെ തിരയിളക്കങ്ങള്‍. മുഖത്ത് മിന്നായം പോലെ നവരസങ്ങളുടെ വിഭിന്ന ഭാവങ്ങള്‍. കഥകള്‍ക്കുള്ളിലെ കഥ പറഞ്ഞ് നളചരിതം. തിരക്കൊഴിയാത്ത ഔദ്യോഗിക ചുമതലകളുടെ ഇടയില്‍ നിന്നും കഥകളിയുടെ അരങ്ങില്‍ ദമയന്തിയായി വയനാട് ജില്ല കലക്ടര്‍ എ.ഗീതയെത്തിയപ്പോള്‍ വള്ളിയൂര്‍ക്കാവ് ഉത്സവ വേദിക്കും ഇതൊരു വേറിട്ട മുഹൂര്‍ത്തമായി. ആട്ടക്കഥകളില്‍ പ്രധാനപ്പെട്ട നളചരിതം ഒന്നാം ദിവസത്തില്‍ ഉദ്യാനത്തില്‍ തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷമാണ് ജില്ല കലക്ടറെ തേടിയെത്തിയത്.

നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ ദമയന്തിയെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടയുമാണ് അരങ്ങേറ്റത്തിന്റെ ആശങ്കകളില്ലാതെ ജില്ലാ കലക്ടര്‍ അവതരിപ്പിച്ചത്. കഥയാടി തീര്‍ന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെ സദസ്സും ദമയന്തിയെയും കൂട്ടരെയും അഭിനന്ദിച്ചു.



ജില്ലാ കളക്ടറെന്ന ചുമതലകള്‍ ഏറ്റെടുക്കുന്നതിനും എത്രയോ കാലം മുമ്പേ കഥകളി അവതരിപ്പിക്കാനുള്ള തീവ്രമായ അഭിലാഷം മനസ്സിലുണ്ടായിരുന്നു. ഈ പൂര്‍ത്തീകരണം കൂടിയാണ് എ.ഗീതയെ നിയോഗം പോലെ വള്ളിയൂര്‍ക്കാവിന്റെ സന്നിധിയിലെത്തിയത്. ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ അങ്കണത്തില്‍ അവസരമൊരുങ്ങിയതോടെ കഥകളി പരിശീലനം ദിവസങ്ങള്‍ക്ക് മുമ്പേ ഗൗരവമായെടുത്തു. കഥകളി ആചാര്യനായ കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ചു. ജോലി പരമായ തിരക്കുകളില്‍ നിന്നും അധിക സമയം കണ്ടെത്തിയായിരുന്നു പരിശീലനം.

കഥകളി അഭ്യസിച്ചിട്ടുള്ള, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസറായി വിരമിച്ച സുഭദ്ര നായരും മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാരിയായും ആലപ്പുഴ സ്വദേശിയുമായ രതി സുധീറും ഒപ്പം ചേര്‍ന്നതോടെ കഥകളി സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. മൂവര്‍ സംഘങ്ങളുമായി സ്ത്രീ പ്രാധാന്യത്തോടെയുള്ള കഥകളിയുടെ അരങ്ങിന് ഇതോടെ വള്ളിയൂര്‍ക്കാവില്‍ വിളക്ക് തെളിഞ്ഞു. കോട്ടയ്ക്കല്‍ സി.എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കോട്ടയ്ക്കല്‍ ഹരിദാസ്, സുഭദ്രനായര്‍, രതി സുധീര്‍, രമ്യകൃഷ്ണ എന്നിവരാണ് ജില്ലാ കലക്ടര്‍ എ.ഗീതയ്‌ക്കൊപ്പം ഇവിടെ അരങ്ങിലെത്തിയത്

Tags:    
News Summary - District Collector Kathakali performance on temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.