തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സെസിെൻറ പേരിൽ കേന്ദ്രസർക്കാർ ജി.എസ്.ടി നിരക്ക് വർധിപ്പിക്കരുതെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഈ സമയത്ത് നികുതി നിരക്ക് വർധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തെറ്റാണ്. കേരളം അതിനെ അനുകൂലിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. കലാമെറ്റി സെസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു ധനകാര്യ മന്ത്രി.
രാജ്യത്തിെൻറ വരുമാനം നാലഞ്ച് ശതമാനം ചുരുങ്ങുമെന്ന് പറയുന്ന സമയത്ത് അധിക നികുതി ഏർപ്പെടുത്തുന്നത് നിരുത്തരവാദപരമാണ്. കഴിഞ്ഞ ജി.എസ്.ടി കൗൺസിലിൽ ഇത്തരത്തിൽ ചില നിർദേശങ്ങളുണ്ടായിരുന്നു. എന്നാൽ ഒരു സംസ്ഥാനം പോലും അക്കാര്യം അനുകൂലിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അന്നത്തെ അപേക്ഷിച്ച് ഭീകരമായ സാമ്പത്തിക തകർച്ചയാണ് രാജ്യത്ത് വന്നിരിക്കുന്നത്. അന്ന് അംഗീകരിക്കാത്ത കാര്യത്തിനായി ഏതെങ്കിലും സംസ്ഥാനം ഇന്ന് വാദിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണം. ജി.എസ്.ടി നിരക്കുകൾ എന്ത് വേണമെന്നുള്ളത് കോവിഡ് കാലം കഴിഞ്ഞിട്ട് ചർച്ച ചെയ്യാം. ഈ സമയത്ത് ഒരു കാരണവശാലും സെസിെൻറ പേരു പറഞ്ഞോ മറ്റെന്തെങ്കിലും രീതിയിലോ ജി.എസ്.ടി നിരക്ക് വർധിപ്പിക്കാൻ പാടില്ല. അത്തരമൊരു നീക്കത്തിന് ആവശ്യമായ പിന്തുണ ജി.എസ്.ടി കൗൺസിലിൽ കേന്ദ്ര സർക്കാറിന് ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.
റിസർവ് ബാങ്കിൽ നിന്ന് പണമെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകുകയോ നേരിട്ട് ജനങ്ങൾക്ക് നൽകുകയോ ചെയ്യുകയാണ് കേന്ദ്ര സർക്കാറിന് മുമ്പിലുള്ള ഏക വഴി. ബാങ്കിന് പണം കൊടുത്തതുകൊണ്ടൊന്നും അത് ജനങ്ങളിലേക്ക് എത്തണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ എന്തു ചെയ്താലും ജനം അത് സഹിച്ചുകൊള്ളുമെന്നാണ് ബി.ജെ.പി സർക്കാർ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.