കൊല്ലം: നിയമനങ്ങൾ നടത്താത്തതുമൂലം ജോലിഭാരം വർധിക്കുന്ന ബാങ്കിങ് മേഖലയിൽ നിശ്ചിത സമയത്തിൽ കൂടുതൽ ജോലിചെയ്യേണ്ടെന്ന നിലപാടിലേക്ക് ജീവനക്കാർ. നിലവിൽ ഭൂരിഭാഗം ബാങ്ക് ശാഖകളിലും വൈകീട്ട് അഞ്ചിന് ശേഷവും ജീവനക്കാർ ബാക്കിയുള്ള ജോലികൾ തീർത്താണ് പോകാറുള്ളത്.
ക്ലറിക്കൽ തസ്തികകളിലും സബ് സ്റ്റാഫ് തസ്തികകളിലും ജീവനക്കാരുടെ കുറവുമൂലം വലിയ ജോലിഭാരമാണ് പൊതുമേഖല, ദേശസാത്കൃത ബാങ്കുകളിൽ. എന്നാൽ പുതിയ നിയമനങ്ങൾക്ക് പകരം നിലവിലെ ജീവനക്കാരെെവച്ചുതന്നെ ജോലികൾ തീർക്കുകയെന്ന നിലപാടിലാണ് മാനേജ്മെന്റുകൾ. ഇതുമൂലം ബാങ്കുകളുടെ പ്രവർത്തനസമയം അവസാനിച്ചാലും വിവിധ ജോലികൾ രാത്രിവരെ ശാഖകളിലിരുന്ന് ചെയ്യാൻ ജീവനക്കാർ നിർബന്ധിതമാവുന്നു. മാനേജ്മെന്റുകൾ ഇത് മുതലെടുത്ത് പുതിയ നിയമനങ്ങളിൽനിന്ന് പിന്നാക്കം പോകുന്ന സാഹചര്യത്തിൽകൂടിയാണ് ‘നിയമാനുസൃത സമയം’ മാത്രം ശാഖകളിൽ സേവനം ചെയ്താൽ മതിയെന്ന നിലപാടിലേക്ക് ജീവനക്കാർ നീങ്ങുന്നത്.
അധികസമയം ജോലി ചെയ്യേണ്ടെന്ന സർക്കുലർ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. മാനേജ്മെൻറുകൾ സമ്മർദം ചെലുത്തിയാലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് നിർദേശം. ക്ലറിക്കൽ ജീവനക്കാർക്ക് ആറര മണിക്കൂറും (9.45 മുതൽ രണ്ടുവരെ, 2.30 മുതൽ 4.45 വരെ). സബ് സ്റ്റാഫുകൾക്ക് ഏഴ് മണിക്കൂറും (9.45 മുതൽ രണ്ടുവരെ, 2.30 മുതൽ 5.15 വരെ) വാച്ച് ആൻ ഡ് വാർഡ് സ്റ്റാഫുകൾക്ക് എട്ട് മണിക്കൂറുമാണ് ജോലി സമയം. ഡ്രൈവർമാർക്ക് ഏഴര മണിക്കൂറാണ് നിലവിലെ ജോലി സമയം. ഇത് കർശനമായി പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കൽ, സബ് സ്റ്റാഫ്, പാർട്ട്ടൈം സ്റ്റാഫ് വിഭാഗങ്ങളിൽ വലിയ കുറവ് കഴിഞ്ഞ ആറുവർഷത്തിനിടെ ഉണ്ടായി. 2017ൽ രാജ്യത്താകെ 3,21,400 ക്ലർക്കുമാർ ജോലി ചെയ്തിരുന്നത് 2022 മാർച്ചിൽ 2,66,400 ആയി കുറഞ്ഞു. സബ് സ്റ്റാഫുകളുടെ എണ്ണം 1,27,500ൽ നിന്ന് 1,05,700 ആയി. പാർട്ട് ടൈം ജീവനക്കാർ 19,800ൽ നിന്ന് 2600 ആയാണ് കുറഞ്ഞത്. എന്നാൽ ഒരോ വർഷവും ബാങ്കുകളുടെ ബിസിനസ് കാര്യമായി വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐക്ക് 2017-2018 വർഷം 42 കോടി ഇടപാടുകാരുണ്ടായിരുന്നത് 2022-23ൽ 48 കോടിയായി വർധിച്ചു. നിക്ഷേപം 27 ലക്ഷം കോടിയിൽ നിന്ന് 44 ലക്ഷം കോടിയായാണ് ഉയർന്നത്. എന്നാൽ ക്ലറിക്കൽ ജീവനക്കാരുടെ 15371 തസ്തികകൾ ഈ കാലയളവിൽ കുറഞ്ഞു. സബോർഡിനേറ്റ് വിഭാഗത്തിൽ 14994 തസ്തികകളുെടയും കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.