'മെട്രോ തൃക്കാക്കരയിലേക്ക് നീക്കാൻ ഹൈബി ഇടപെട്ടതിന് തെളിവ് വേണോ'; പി. രാജീവിനോട് വി.ഡി സതീശൻ

കൊച്ചി: പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരിപക്ഷം ഉയരുമെന്ന് വ്യക്തമായതോടെ കള്ളപ്രചരണവുമായി എല്‍.ഡി.എഫ് ഇറങ്ങിയിരിക്കുകയാണ്. 2015ല്‍ മെട്രോ റെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍, രണ്ടാം ഘട്ടത്തില്‍ തൃക്കാക്കരയിലേക്കുള്ള എക്‌സ്റ്റന്‍ഷന്‍ ആലോചിച്ചു. എന്നാല്‍, ആറു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് യു.ഡി.എഫ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സില്‍വര്‍ ലൈനിന് എതിരായി കേന്ദ്ര സര്‍ക്കാറിനോട് പരാതിപ്പെട്ട യു.ഡി.എഫ് എം.പിമാര്‍ തൃക്കാക്കര എക്സ്റ്റന്‍ഷനെ പറ്റി സംസാരിച്ചില്ലെന്നാണ് മന്ത്രി പി. രാജീവ് മറുപടിയായി പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

മന്ത്രി രാജീവിനെ വെല്ലുവിളിക്കുന്നു. മിടുമിടുക്കന്‍മാരായ എം.പിമാരെയാണ് യു.ഡി.എഫ് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിന്റെ എക്‌സ്റ്റന്‍ഷന്‍ വേണമെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള തെളിവ് വേണമെങ്കില്‍ ഹാജരാക്കാം. മന്ത്രി ഹൈബി ഈഡനോട് ക്ഷമ ചോദിച്ച് ആരോപണം പിന്‍വലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് കമ്മിറ്റിയിലും മെട്രോ റെയില്‍ തൃക്കാക്കരയിലേക്ക് നീട്ടണമെന്ന് നിരന്തരമായി എറണാകുളം എം.പി ആവശ്യപ്പെട്ടതിന്റെ രേഖകളും ഹാജരാക്കാം. കൊച്ചിയില്‍ കേന്ദ്രമന്ത്രി എത്തിയപ്പോഴും എറണാകുളം എം.പി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര മനോഹരമായാണ് ഹൈബി ഈഡന്‍ തൃക്കാക്കരയിലേക്കുള്ള മെട്രോ റെയില്‍ എക്‌സ്റ്റന്‍ഷനെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതെന്ന് മന്ത്രി ആദ്യമൊന്ന് കാണണം. എന്നിട്ട് ഹൈബി ഈഡനോട് ക്ഷമ ചോദിച്ച് മന്ത്രി ഈ ആരോപണം പിന്‍വലിക്കണം. യു.ഡി.എഫിനെതിരെ എന്തെങ്കിലും പറയുമ്പോള്‍ മൂന്നുവട്ടം ആലോചിക്കണം. മന്ത്രി രാജീവ് വെറുതെ അബദ്ധത്തില്‍ ചാടരുതെന്നും സതീശൻ വ്യക്തമാക്കി.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും സംസാരിക്കുന്നില്ലെന്നതാണ് രാജീവിന്റെ മറ്റൊരു ആരോപണം. ആ പരിപ്പ് ഈ അടുപ്പില്‍ വേവില്ല. ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്. ഭൂരിപക്ഷ വര്‍ഗീയതയുമായി ചേര്‍ന്ന് നില്‍ക്കുന്ന പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് അനുഗ്രഹം നേടിയെത്തിയ ആളെ സ്ഥാനാര്‍ഥിയാക്കിയ ആളാണ് പി. രാജീവ്. പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്തതും നാടകമായിരുന്നെന്ന് മനസിലാക്കാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ട്.

കേരളത്തിലെ സി.പി.എമ്മും സംഘ്പരിവാറും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ഒറ്റ അജണ്ടയുമായി മുന്നോട്ടു പോകുന്നവരാണ്. പിണറായി വിജയന്‍ കേന്ദ്രത്തിലെ ബി.ജെ.പിയുമായി എല്ലാ അഡ്ജസ്റ്റ്‌മെന്റുകളും നടത്തിയ ശേഷം കോണ്‍ഗ്രസ് മുക്ത കേരളത്തിന് വേണ്ടി ശ്രമിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കിയവരാണ് കേരളത്തിലെ സി.പി.എമ്മുകാര്‍. ഞങ്ങളുടെ മതേതരത്വ നിലപാടിനെ ചോദ്യം ചെയ്യാന്‍ ഒരു സി.പി.എം നേതാവും വളര്‍ന്നിട്ടില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. 

Tags:    
News Summary - ‘Do we need proof that Hibi Eden argued to get the metro rail to Thrikkakara’; VD Satheesan to P. Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.