തിരുവനന്തപുരം: രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർ (ഡോക്ടർമാർ) മരുന്നും സർജിക്കൽ ഉൽപന്നങ്ങളും വിൽപന നടത്താൻ കട നടത്തുന്നത് തടഞ്ഞ് ദേശീയ മെഡിക്കൽ കമീഷന്റെ കരട് നിയമം. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ റെഗുലേഷന്റെ കരടിലാണ് ഈ വ്യവസ്ഥകളുള്ളത്. ഡോക്ടർക്ക് സ്വന്തം രോഗികൾക്ക് നേരിട്ട് മരുന്ന് വിൽക്കാം. മരുന്ന് നിർദേശിക്കുകയോ നൽകുകയോ ചെയ്യാം. സ്കാനിങ് ഉൾപ്പെടെ രോഗനിർണയ പരിശോധനയുമായി ബന്ധപ്പെട്ട ഫീസിന്റെ വിഹിതം കൈപ്പറ്റരുത്. ചികിത്സിക്കും മുമ്പ് രോഗിയെ പരിശോധന ഫീസ് അറിയിക്കണം. ഡോക്ടർക്ക് ഒന്നിലധികം ചികിത്സ സമ്പ്രദായങ്ങളിൽ യോഗ്യതയുണ്ടെങ്കിൽ ഏതിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് തീരുമാനിക്കണം.
മോഡേൺ മെഡിസിനിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസെടുത്താൽ മറ്റു രീതികളിൽ ചികിത്സപാടില്ല. ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ്, രോഗികൾക്ക് നൽകുന്ന രസീത് തുടങ്ങിയവയിൽ സവിശേഷ തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തണം. വ്യക്തിപരമോ സാമൂഹികമോ ബിസിനസ് പരമോ ആയ ആവശ്യങ്ങൾക്കായി രോഗിയെ ചൂഷണം ചെയ്യാൻ പാടില്ല.
ക്ലിനിക്കൽ നടപടി, രോഗ നിർണയ പരിശോധന, ശസ്ത്രക്രിയ തുടങ്ങിയ സാഹചര്യങ്ങളിൽ രോഗിയിൽനിന്ന് രേഖാമൂലം അനുമതി തേടണം. അതിനു കഴിയാത്ത സാഹചര്യമാണെങ്കിൽ രക്ഷാകർത്താവിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ അനുമതി തേടണം. രോഗിയുടെ അനുമതി ഇല്ലാതെ ഫോട്ടോയോ റിപ്പോർട്ടോ പ്രസിദ്ധീകരിക്കരുത്. ഡോക്ടർമാർ എല്ലാ വർഷവും പ്രഫഷനൽ ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കണം. കുറിപ്പടികളിൽ മരുന്നിന്റെ ജനറിക് പേര് എഴുതണം. പ്രാക്ടീസ് തുടങ്ങുമ്പോഴും ചികിത്സ രീതി മാറ്റുമ്പോഴും വിലാസം മാറുമ്പോഴും ജോലിയിൽനിന്ന് അവധിയെടുക്കുമ്പോഴും പ്രാക്ടീസ് പുനരാരംഭിക്കുമ്പോഴും പരിശോധന ഫീസ് അറിയിക്കാനും മാത്രമേ പരസ്യം നൽകാവൂ. അവസാന ചികിത്സ തീയതി മുതൽ മൂന്നു വർഷം വരെ രോഗിയുടെ മെഡിക്കൽ റെക്കോഡ് ഡോക്ടർ സൂക്ഷിക്കണം. ദേശീയ മെഡിക്കൽ കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് റെഗുലേഷനിൽ ജൂൺ 22 വരെ വിദഗ്ധർക്കും പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.