ന്യൂഡൽഹി: കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) ബിൽ പാർലെമൻറ് സ്ഥിരം സമിതിയുടെ പരിഗണനക്കു വിട്ടു. പാർലമെൻറിനകത്തും പുറത്തും പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് ബിൽ ഉടൻ പാസാക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. ചൊവ്വാഴ്ച സഭയിൽ ബിൽ പരിഗണനക്കെടുത്തപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. വിശദ പഠനത്തിന് ശേഷമാണ് ബിൽ കൊണ്ടുവന്നതെന്നും ഏതുവിധേനയും മുേന്നാട്ടുപോകണമെന്നുമായിരുന്നു സർക്കാർ നിലപാട്.
ബജറ്റ് സമ്മേളനത്തിൽ ബിൽ വീണ്ടും പരിഗണനെക്കടുക്കുമെന്നും അതിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നും സ്ഥിരം സമിതിക്ക് ബിൽ വിടുന്നതായി അറിയിച്ച സ്പീക്കർ സുമിത്ര മഹാജൻ വിശദീകരിച്ചു. ബില്ല് സമിതിയുടെ പരിഗണനക്ക് വിട്ട സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൻ അസോസിയേഷൻ നടത്തിയ 12 മണിക്കൂർ മെഡിക്കൽ ബന്ദ് ഉച്ചയോടെ അവസാനിപ്പിച്ചിരുന്നു.
ബിൽ നിലവിലെ രൂപത്തിൽ പാസാകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു വിമർശനം. സീറ്റുകച്ചവടത്തിനും വഴി തുറക്കുന്നതാണ് ബില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ തകർക്കുന്നതും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമാെണന്ന് വ്യക്തമാക്കിയാണ് ഡോക്ടർമാർ പണിമുടക്കിയത്. പണിമുടക്കിനെതുടർന്ന് ചൊവ്വാഴ്ച ഉച്ചവരെ രാജ്യവ്യാപകമായി ആരോഗ്യമേഖല സ്തംഭിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടർമാർ അടിയന്തരചികിത്സ വകുപ്പുകളിൽ ജോലിക്കെത്തിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ (ഐ.എം.എ) നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ബന്ദ് സംസ്ഥാനത്ത് പൂർണമായിരുന്നു. രാജ്ഭവൻ മാർച്ചിൽ ഡോക്ടർമാരും വിദ്യാർഥികളുമടക്കം നാലായിരത്തിലധികം പേർ പങ്കെടുത്തു. മാർച്ചും ധർണയും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.