തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനവും ശേഷിക്കുന്ന സീറ്റും വി.എച്ച്.എസ്.ഇ പ്രവേശനവും പരിഗണിക്കുമ്പോൾ പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽ ഇനിയും ആവശ്യമുള്ളത് 43,000 സീറ്റ്. ഏറ്റവും കൂടുതൽ സീറ്റുകൾ വേണ്ടത് മലപ്പുറം ജില്ലയിലാണ്. ഇവിടെ അപേക്ഷ സമർപ്പിച്ചിട്ടും ഹയർ സെക്കൻഡറിയിലോ വി.എച്ച്.എസ്.ഇയിലോ പ്രവേശനം ലഭിക്കാത്തത് 29,104 പേർക്കാണ്.
ജില്ലയിൽ മെറിറ്റ് ക്വോട്ടയിൽ ശേഷിക്കുന്നത് 5,007 സീറ്റാണ്. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ടകളിലേതും ഉൾപ്പെടെ ചേർത്ത് ജില്ലയിൽ ആകെ ശേഷിക്കുന്നത് 8,859 സീറ്റാണ്. ഇതിലേക്ക് അടുത്ത സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ പ്രവേശനം നൽകിയാലും 20,248 പേർക്ക് സീറ്റുണ്ടാകില്ല. ജില്ലയിലെ വി.എച്ച്.എസ്.ഇകളിൽ ആകെയുള്ള 2808 സീറ്റുകളിലേക്കും ഇതിനകം പ്രവേശനം പൂർത്തിയായിട്ടുണ്ട്.
അൺ എയ്ഡഡിൽ ഉൾപ്പെടെ ജില്ലയിൽ ഇതുവരെ പ്രവേശനം ലഭിച്ചത് 51,915 പേർക്കാണ്. മലപ്പുറം കഴിഞ്ഞാൽ സീറ്റ് കുറവ് പാലക്കാടാണ്. ജില്ലയിൽ വി.എച്ച്.എസ്.ഇയിലെ 1,787 സീറ്റ് ഉൾപ്പെടെ 27,922 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇവിടെ ഇനി മെറിറ്റ്, മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ് ക്വോട്ടകളിലായി ആകെ ശേഷിക്കുന്നത് 4,534 സീറ്റാണ്. ഈ സീറ്റിലേക്കുകൂടി പ്രവേശനം നൽകിയാൽപോലും പാലക്കാട് ജില്ലയിൽ 9,987 പേർക്ക് സീറ്റുണ്ടാകില്ല.
കോഴിക്കോട് ജില്ലയിലെ വിദ്യാർഥികളും സീറ്റ് പ്രതിസന്ധിയിലാണ്. ജില്ലയിൽ വി.എച്ച്.എസ്.ഇയിലെ 2532 സീറ്റ് ഉൾപ്പെടെ ആകെ 34,119 പേർക്കാണ് ഇതുവരെ പ്രവേശനം ലഭിച്ചത്. വിവിധ ക്വോട്ടകളിൽ ശേഷിക്കുന്നത് 5,780 സീറ്റും. ഇതുകൂടി പരിഗണിച്ചാലും ആകെയുള്ള 47,182 അപേക്ഷകരിൽ 7,283 പേർക്ക് സീറ്റുണ്ടാകില്ല. ശേഷിക്കുന്ന സീറ്റ് കൂടി പരിഗണിച്ചാലും കണ്ണൂരിൽ 2,791 പേർക്കും കാസർകോട് 2,374 പേർക്കും വയനാട്ടിൽ 727 പേർക്കും സീറ്റുണ്ടാകില്ല. ഈ ജില്ലകളിൽ അൺ എയ്ഡഡ് സ്കൂളുകളിൽ സീറ്റുണ്ടെങ്കിലും വൻ തുക ഫീസ് നൽകേണ്ടതിനാൽ വിദ്യാർഥികൾ പ്രവേശനം നേടുന്നില്ല. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ടകളിൽ ശേഷിക്കുന്ന സീറ്റുകൾ അടുത്ത ഘട്ടങ്ങളിൽ മെറിറ്റിലേക്ക് മാറ്റുമ്പോൾ മാത്രമാണ് ശേഷിക്കുന്ന കുട്ടികളിൽ 25 ശതമാനത്തിനെങ്കിലും പ്രവേശനം ലഭിക്കുക.
സീറ്റ് പ്രതിസന്ധി പ്രധാനമായും പാരമ്യത്തിൽ നിൽക്കുന്നത് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ്. ഈ ജില്ലകളിൽനിന്ന് തന്നെയാണ് കഴിഞ്ഞ വർഷങ്ങളിൽ സീറ്റില്ലാതെ കൂടുതൽ പേർ ഓപൺ സ്കൂളിൽ പ്രവേശനം നേടിയതും.
മൂന്നാം അലോട്ട്മെന്റിനുശേഷം സ്ഥിതി വിലയിരുത്തി സീറ്റ് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ വിദ്യാഭ്യാസ മന്ത്രി ഇപ്പോൾ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി നടപടിയിലേക്ക് പോകുമെന്ന് നിലപാട് മാറ്റിയിട്ടുണ്ട്. പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങിയതോടെ വിദ്യാർഥികളുടെ ആശങ്കയും വർധിക്കുകയാണ്. വരും ദിവസങ്ങളിൽ എത്ര കുട്ടികൾ അൺഎയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുന്നുവോ അതിനനുസരിച്ചുള്ള കുറവ് സീറ്റ് ലഭിക്കാത്തവരുടെ എണ്ണത്തിലുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.