കരിപ്പൂർ: നീണ്ട ഇടവേളക്കുശേഷം രാജ്യത്ത് ആഭ്യന്തര സർവിസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെ കോഴിക്കോട് വിമാനത്താവളവും ഒരുങ്ങുന്നു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് കരിപ്പൂരിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തിൽ ബംഗളൂരു, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവിസ്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് സർവിസ് നടത്തുക. പൂർണമായും സാമൂഹിക അകലം പാലിച്ചുള്ള നടപടികളാണ് ഒരുക്കിയിരിക്കുന്നത്. സെക്യൂരിറ്റി ചെക്കിങ് ഏരിയയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ബോർഡിങ് പാസ് സ്റ്റാമ്പിങ് ഒഴിവാക്കാനുള്ള പ്രത്യേക കാമറകൾ, സാമൂഹിക അകലം പാലിച്ച് പരിശോധനകൾ നടത്താനുള്ള മെറ്റൽ ഡിറ്റക്ടറുകൾ, ടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ പരിശോധിക്കാനുള്ള കാമറ സംവിധാനങ്ങൾ എന്നിങ്ങനെ യാത്രക്കാരെ സ്പർശിക്കാതെ പരമാവധി പരിശോധന പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ക്രമീകരണങ്ങൾ ഇപ്രകാരം
കരിപ്പൂരിലെത്തുന്ന യാത്രക്കാർ ആഭ്യന്തര ടെർമിനലിന് മുന്നിൽ വാഹനം ഇറങ്ങുന്നു. കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബാഗേജ് അണുനശീകരണം നടത്തും. പിന്നീട് ഹെൽപ് ഡെസ്കിലേക്ക്. ഇവിടെ തെർമൽ സ്ക്രീനിങ്ങും ആരോഗ്യ സേതും ആപ് ഡൗൺ ലോഡ് ചെയ്തിട്ടുണ്ടോ എന്ന പരിശോധനയും.
ശേഷം ടെർമിനലിനുള്ളിലേക്ക് കടക്കാനുള്ള ആദ്യ സെക്യൂരിറ്റി പോയൻറിലേക്ക്. ഇവിടെ സാമൂഹിക അകലം പാലിച്ചാണ് യാത്രക്കാർ നടക്കേണ്ടത്. ഇതിനായി പ്രത്യേക മാർക്കിങ്ങുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബോർഡിങ് കാർഡില്ലാത്തവർക്ക് ലഭിക്കാൻ കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
അകത്തേക്ക് കയറുന്നതിന് മുമ്പ് സുരക്ഷ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കും. ഇതിനായി പ്രത്യേക കൗണ്ടർ. കൗണ്ടറിന് പുറത്തുള്ള കാമറയിലൂടെ ടിക്കറ്റും മറ്റ് രേഖകളും യാത്രക്കാരന് കാണിക്കാം. കൗണ്ടറിലെ ഉദ്യോഗസ്ഥൻ പരിശോധിച്ച ശേഷം അകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും. ബാഗേജ് സ്ക്രീനിങ്ങിനുശേഷം കൗണ്ടറിലേക്ക്. ഇവിടെ ബാഗേജുകൾക്ക് കൗണ്ടർ ഫോയിലുകൾ ലഭിക്കില്ല പകരം യാത്രക്കാരെൻറ നമ്പറിലേക്ക് എസ്.എം.എസ് അയക്കും.
പിന്നീട് സെക്യൂരിറ്റി പരിശോധന. ഇവിടെ കൗണ്ടറിൽ ഏർപ്പെടുത്തിയ കാമറയിൽ രേഖകൾ കാണിച്ചാൽ മതി. പിന്നീട് ഡി.എഫ്.എം.ഡി പരിശോധന. പ്രത്യേക സജ്ജീകരണത്തിലൂടെ ശരീര പരിശോധനയും നടത്തും. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ ശേഷം യാത്രക്കാർക്ക് പ്രത്യേകമായി സജ്ജീകരിച്ചയിടത്ത് വിശ്രമിക്കാം. ബോർഡിങ് അനൗൺസ് ചെയ്ത ശേഷം വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.