സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ട -തൃശൂർ മേയർ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് തൃശൂർ മേയർ എം.കെ. വർഗീസ്. തന്‍റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നും മേയർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കഴിഞ്ഞദിവസം തൃശൂരിൽ നടന്ന ചടങ്ങിനിടെ സുരേഷ് ഗോപിയെ മേയർ പുകഴ്ത്തിയതും മറുപടിയും ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്.

താൻ ബി.ജെ.പിയിലേക്കു പോകുമെന്ന പ്രചാരണം തെറ്റാണ്. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുകയാണ്. സി.പി.എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. കോർപറേഷന്‍റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തിയാൽ പോകാൻ താൻ ബാധ്യസ്ഥനാണ്. തൃശൂരിന് പുരോഗതി ആവശ്യമല്ലേ? അതിന് സുരേഷ് ഗോപി പദ്ധതി തയാറാക്കുന്നതും നല്ല കാര്യമാണ്. അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ? -മേയർ ചോദിച്ചു.

ഇതിനിടെ മേയറുടെ നിരന്തരമായുള്ള സുരേഷ് ഗോപി അനുകൂല പ്രസ്താവനകളിൽ സി.പി.എമ്മിലും അതൃപ്തി പുകയുകയാണ്. സി.പി.ഐ നേരത്തേ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ നോമിനിയായ മേയറെ തള്ളിപ്പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് സി.പി.എം. നേതാക്കൾക്കിടയിലും അണികളിലും ഇക്കാര്യത്തിൽ അമർഷമുണ്ട്.

അതിനിടെ, മേയർ എം.കെ. വർഗീസ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒല്ലൂരിൽ എൻ.ഡി.എ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹവുമുണ്ട്. ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞതും ക്രൈസ്തവ വോട്ടർമാർക്ക് സ്വാധീനമുള്ളതുമായ ഒല്ലൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി മുന്നിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഉചിതനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ ഒല്ലൂർ നിയമസഭ മണ്ഡലത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടൽ ബി.ജെ.പിക്കുണ്ടത്രെ.

മേയറെ വീണ്ടും പ്രശംസിച്ച് സുരേഷ് ഗോപി

കോഴിക്കോട്: തൃശൂർ മേയർ എം.കെ. വർഗീസിനെ വീണ്ടും പ്രശംസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രശംസ. എം.കെ. വർഗീസിനെ പോലുള്ള ഉയർന്ന ചിന്താഗതിയും വികസന കാഴ്ചപ്പാടുകളുമുള്ള ഭരണകർത്താക്കൾ ഉയർന്നുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ജനം സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്നും വലിയ വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നും കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ചടങ്ങിൽ മേയര്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപി തിരിച്ച് മേയറെയും പ്രശംസിച്ചിരുന്നു.

Tags:    
News Summary - Don't see politics in praising Suresh Gopi - Thrissur Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.