തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ എതിർപ്പ് അവഗണിച്ച് മണിയാർ ജലവൈദ്യുതി പദ്ധതി കരാർ പുതുക്കാനുള്ള നടപടികൾ മുന്നോട്ട്. കരാർ പുതുക്കണമെന്ന നിലപാടിലാണ് കഴിഞ്ഞമാസം മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ഉന്നതതലയോഗം എത്തിയത്. വ്യവസായ വകുപ്പ് കരാർ പുതുക്കണമെന്നും ഊർജവകുപ്പ് പാടില്ലെന്നും ആവശ്യപ്പെട്ടത് വകുപ്പുകൾ തമ്മിൽ ഭിന്നതക്ക് കാരണമായ സാഹചര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.
വിഷയം മന്ത്രിസഭയിൽ ചർച്ചചെയ്ത് തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ രണ്ട് മന്ത്രിസഭ യോഗങ്ങളിലും മണിയാർ കരാർ വരുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പരിഗണിച്ചില്ല. ഈമാസം തന്നെ ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക് വരാനിടയുണ്ട്. പുതുക്കിയ കരാർ വ്യവസ്ഥകൾ തയാറാക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യം മാനേജ്മെന്റ് സ്ഥിരീകരിക്കുന്നില്ല.
നിലവിലെ സാഹചര്യത്തിൽ പുതുക്കിയ കരാർ ഒപ്പിടാൻ സർക്കാർ നിർദേശിക്കുകയും മണിയാർ സ്വകാര്യമേഖലയിൽതന്നെ തുടരുകയും ചെയ്യാനുള്ള സാധ്യതയാണേറെ. 30 വർഷത്തിനു ശേഷം കാര്‍ബൊറണ്ടം യൂനിവേഴ്സല്‍ കമ്പനി കെ.എസ്.ഇ.ബിക്ക് കൈമാറേണ്ട ജലവൈദ്യുതി പദ്ധതിയുടെ നിലവിലുണ്ടായിരുന്ന കരാറിന്റെ കാലാവധി ഡിസംബറിലാണ് അവസാനിച്ചത്. കരാർ പുതുക്കരുതെന്നഭ്യർഥിച്ച് കെ.എസ്.ഇ.ബി ഡിസംബർ 31ന് വീണ്ടും സർക്കാറിന് കത്ത് നൽകിയിരുന്നു.
എന്നാൽ, കാർബൊറണ്ടത്തിന് കരാർ പുതുക്കിനൽകി വ്യവസായ മേഖലയുടെ താൽപര്യം സംരക്ഷിക്കണമെന്ന വാദത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. കമ്പനിയുടെ കരാർ ലംഘനങ്ങളടക്കം ചൂണ്ടിക്കാട്ടി പലവട്ടം കെ.എസ്.ഇ.ബി കത്ത് നൽകുകയും മന്ത്രിതലത്തിൽതന്നെ ഇടപെടൽ നടത്തുകയും ചെയ്തുവെങ്കിലും വ്യവസായ വകുപ്പ് ഉയർത്തുന്ന വാദങ്ങൾ തള്ളാൻ സർക്കാർ തയാറല്ല.
നിലവിൽ മണിയാർ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ 33 മെഗാവാട്ടിന്റെ രണ്ട് ക്യാപ്റ്റിവ് പവർ പ്ലാന്റും 37.71 മെഗാവാട്ടിന്റെ എട്ട് ഇൻഡിപെൻഡന്റ് പവർ പ്ലാന്റുമാണ് കേരളത്തിലുള്ളത്.
പദ്ധതി നിർമിക്കൽ, സ്വന്തമാക്കൽ, പ്രവർത്തിപ്പിക്കൽ, കൈമാറ്റം ചെയ്യൽ (ബി.ഒ.ഒ.ടി) വ്യവസ്ഥ പ്രകാരമുള്ള മണിയാർ പദ്ധതി കരാർ നീട്ടുന്നത് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് പദ്ധതികളിലും അവകാശവാദമുന്നയിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുമെന്ന ആശങ്ക കെ.എസ്.ഇ.ബിക്കുണ്ട്.
തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞ മണിയാര്‍ പദ്ധതി കാര്‍ബൊറാണ്ടം യൂനിവേഴ്സല്‍ കമ്പനിയില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കരാര്‍ നീട്ടുന്നതിനു പിന്നില്‍ വന്‍ അഴിമതിയാണെന്നും കത്തിൽ കുറ്റപ്പെടുത്തി. പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15ന് നല്കിയ കത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് രണ്ടാമതും കത്തുനല്‍കിയത്.
വൈദ്യുതി ഉൽപാദനവുമായി ബന്ധപ്പെട്ട് നിരവധി തവണ കരാര്‍ലംഘനം നടത്തിയ കമ്പനിക്ക് കരാര്‍ ദീര്‍ഘിപ്പിച്ചുനല്‍കുന്നത് നിയമവിരുദ്ധമാണെന്നും കരാര്‍ കാലാവധി കഴിഞ്ഞ ശേഷവും സ്വകാര്യ കമ്പനി വൈദ്യുതി ഉല്പാദിപ്പിച്ച് ഉപയോഗിക്കുന്നതുവഴി സര്‍ക്കാറിന് കനത്ത വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.