നെടുങ്കണ്ടം: പിറന്നത് ഒരേ വീട്ടിൽ, ഒരേ സമയം. എല്ലാ ദിവസവും സ്കൂളിലേക്ക് ഇറങ്ങുന്നതും അതേ വീട്ടിൽ നിന്ന്. പക്ഷേ, പഠിക്കുന്നത് രണ്ട് സ്കൂളുകളിൽ. എന്നിട്ടും ഒരേ ഇനത്തിൽ ട്രാക്കിൽ ഇറങ്ങിയത് അതേ ഉപജില്ലയുടെ മേൽവിലാസത്തിൽ. ഒരേ ഇനത്തിൽ മത്സരിച്ചപ്പോഴാകട്ടെ സ്വർണവും വെള്ളിയും മെഡലുകൾ എത്തിയതും അതേ വീട്ടിലേക്ക്.
ഇരട്ടമധുരവുമായി ഇരട്ടകളായ ആൽഫ്രഡ് ജോജോയും അൽഫോൺസ് ജോജോയും ട്രാക്ക് വാഴുന്നത് കണ്ടാണ് ജില്ലാ സ്കൂൾ കായികമേള കൊടിയിറങ്ങിയത്. കമ്പിളിക്കണ്ടം തെള്ളിത്തോട് വെട്ടുകല്ലേൽ വീട്ടിൽ ജോജോ ആന്റണിയുടെയും ജെസി ജോജോയുടെയും ഇരട്ട മക്കളാണ് ആൽഫ്രഡും അൽഫോൺസും. അവസാന ദിവസത്തെ പ്രധാന ഇനമായ സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ ആൽഫ്രഡിനായിരുന്നു സ്വർണം.
കട്ടയ്ക്ക് കട്ട മത്സരിച്ച അൽഫോൺസ് നേരിയ വ്യത്യാസത്തിന് വെള്ളി നേടി. കഴിഞ്ഞ ദിവസം നടന്ന 3000 മീറ്ററിലും അവസാന ദിവസത്തെ 4X400 മീറ്റർ റിലേയിലും ആൽഫ്രഡിനായിരുന്നു സ്വർണം. അൽഫോൺസിന് വെള്ളിയും. 800 മീറ്ററിലും ആൽഫ്രഡ് സ്വർണമണിഞ്ഞപ്പോൾ ക്രോസ് കൺട്രിയിൽ അൽഫോൺസ് സ്വർണം കരസ്ഥമാക്കി.
പാറത്തോട് സെന്റ് ജോർജ് എച്ച്.എസ്.എസിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയാണ് ആൽഫ്രഡ്. അൽഫോൺസാകട്ടെ മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയും. രണ്ടുപേരും മത്സരത്തിനിറങ്ങിയത് കട്ടപ്പന ഉപജില്ലക്കു വേണ്ടി. മുരിക്കാശ്ശേരി പാവനാത്മാ കോളജിലെ ഡിഗ്രി വിദ്യാർഥിയായ മൂത്ത സഹോദരൻ ആന്റോ ജേജോയാണ് ഇരുവരെയും ട്രാക്കിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.