ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സ്കൂളുകളില്‍ ജനസംഘം സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം. യു.പി, ഹൈസ്കൂള്‍ തലങ്ങളില്‍ ആഘോഷങ്ങള്‍ നടത്താന്‍ പ്രധാന അധ്യാപകര്‍ മുന്‍ കൈയെടുക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ദീന്‍ ദയാലിന്‍റെ ജീവിതം ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളുകളില്‍ ആഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ കത്തുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണ് ഡി.പി.ഐയുടെ സര്‍ക്കുലര്‍. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സ്കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാനാണ് സര്‍ക്കുലറില്‍ പറയുന്നത്. 

കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയം മത്സരങ്ങള്‍ ഏത് രീതിയില്‍ നടത്തണമെന്ന് കാണിച്ചുള്ള മാര്‍ഗ നിര്‍ദേശവും സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. ദേശീയ നേതാക്കളെ അനുകരിക്കുന്ന പ്രച്ഛന്ന വേഷ മത്സരം, ദീന്‍ ദയാല്‍ ഉപാധ്യായയെ കുറിച്ചുള്ള കവിതാ രചന തുടങ്ങിയ മത്സരങ്ങളാണ് യുപി സ്കൂളുകളിലെ കുട്ടികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ തലത്തില്‍ കേന്ദ്ര പദ്ധതികളായ ദീന്‍ ദയാല്‍ കൌശല്യയോജന, ദീന്‍ ദയാല്‍ ഗ്രാമ ജ്യോതിയോജന, ദീന്‍ ദയാല്‍ അന്ത്യോദയ യോജന എന്നിവയെ കുറിച്ച് പ്രബന്ധ രചന മത്സരം നടത്തണം. ഇത് സ്കൂള്‍ അസംബ്ലിയില്‍ വായിക്കുകയും വേണമെന്നും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. 
 

Tags:    
News Summary - DPI told Schools to celebrate Deendayal Upadhyay’s birth Day-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.