കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ ബി.ജെ.പിയോടൊപ്പമുള്ള എ.ഐ.ഡി.എം.കെയ്ക്കുള്ള വിവേകം പോലും കേരളത്തിലെ ഇടത് സര്‍ക്കാറിനു തോന്നാത്തതെന്താണെന്ന് ഇടതു സൈദ്ധാന്തികനും ആക്ടിവിസ്റ്റുമായ ഡോ. ആസാദ്. പൗരത്വ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട 1500 ഓളം കേസുകൾ പിൻവലിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ചോദ്യം.
പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. എന്നുമാത്രമല്ല, സി.എ.എക്കെതിരെ നടന്ന ഹർത്താലിനെ പിന്തുണച്ച സാംസ്കാരിക പ്രവർത്തകർക്കെതിരെ വരെ പൊലീസ് നടപടി തുടരുകയാണ്. കേസുകൾ പിൻവലിക്കാൻ രാഷ്ട്രീയ തീരുമാനമെടുക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു നേരെ വൈരനിര്യാതന ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആസാദ് ആരോപിച്ചു. 'രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രകടനമോ അക്രമോത്സുക പ്രക്ഷോഭങ്ങളോ ഹര്‍ത്താലുകളോ ആവാം. അവയ്ക്കെതിരെ അപൂര്‍വ്വമായി കേസെടുത്താല്‍തന്നെ അവ പിന്‍വലിക്കപ്പെടും. എന്നാല്‍ ജനകീയ സമരങ്ങളെ പൊലീസ് വാഴ്ച്ചയില്‍ തകര്‍ക്കാനാണ് ഭരണകൂടങ്ങള്‍ക്കു താല്‍പര്യം. കേന്ദ്ര സര്‍ക്കാര്‍ ജനകീയ സമരങ്ങളെ നേരിടാന്‍ സ്വീകരിക്കുന്ന തീവ്രവാദ നുഴഞ്ഞുകയറ്റ ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളത്തിലെ എല്‍.ഡി.എഫ് സർക്കാറിന് മടിയില്ല. വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അകത്തിട്ട സര്‍ക്കാറാണല്ലോ ഇത്'' -അദ്ദേഹം ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയില്‍ സമരംചെയ്ത ആളുകള്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കണം. നിയമം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിനൊപ്പമല്ല, ഇരകളായ ജനവിഭാഗങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തെളിയിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുന്നു. മുഖ്യമന്ത്രി പളനിസ്വാമിയുടെ തീരുമാനം വന്നുകഴിഞ്ഞു. ആയിരത്തഞ്ഞൂറു കേസുകളെങ്കിലും ഇല്ലാതാവും.
2011 മുതല്‍ 2014വരെ നടന്ന കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ചാര്‍ജുചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറയുന്നു. ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന രീതി ജനങ്ങള്‍ അനുവദിക്കുകയില്ല എന്ന ധാരണ പളനി സ്വാമിക്ക് വൈകിയെങ്കിലും ഉണ്ടായിരിക്കുന്നു. വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒഴികെ മറ്റാര്‍ക്കും പ്രകടനം നടത്താന്‍പോലും സാദ്ധ്യമല്ലാതായിട്ടുണ്ട്. ഏതെങ്കിലും വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ വന്നുകൊണ്ടിരിക്കും. വലിയ അധികാരോന്മുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രകടനമോ അക്രമോത്സുക പ്രക്ഷോഭങ്ങളോ ഹര്‍ത്താലുകളോ ആവാം. അവയ്ക്കെതിരെ അപൂര്‍വ്വമായി കേസെടുത്താല്‍തന്നെ അവ പിന്‍വലിക്കപ്പെടും. എന്നാല്‍ ജനകീയ സമരങ്ങളെ പൊലീസ് വാഴ്ച്ചയില്‍ തകര്‍ക്കാനാണ് ഭരണകൂടങ്ങള്‍ക്കു താല്‍പ്പര്യം.
ബി ജെ പിയോടൊപ്പം നില്‍ക്കുന്ന എ ഐ ഡി എം കെയ്ക്ക് തമിഴ് നാട്ടില്‍ തോന്നുന്ന വിവേകവും അനുഭാവവും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനു തോന്നാത്തതെന്ത്? പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിനു ബോദ്ധ്യമാവാത്തതെന്ത്?
കേരളത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു നേരെ വൈരനിര്യാതന ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജനകീയ സമരങ്ങളെ നേരിടാന്‍ സ്വീകരിക്കുന്ന തീവ്രവാദ നുഴഞ്ഞുകയറ്റ ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളത്തിലെ എല്‍ ഡി എഫ് ഗവണ്മെന്റിന് മടിയില്ല. വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി അകത്തിട്ട സര്‍ക്കാറാണല്ലോ ഇത്. ഇപ്പോള്‍ സമരാഹ്വാനം ചെയ്തു എന്നതിന് പൊതുപ്രവര്‍ത്തകരെയും എഴുത്തുകാരെയും കേസെടുത്തു വേട്ടയാടുന്നുമുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന ജനരോഷത്തില്‍ പങ്കാളികളായി ജനാധിപത്യ രീതിയില്‍ സമരംചെയ്ത ആളുകള്‍ക്കെതിരെ ചാര്‍ജു ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണം. നിയമം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിനൊപ്പമല്ല ഇരകളായ ജനവിഭാഗങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ തെളിയിക്കണം.
ആസാദ്
20 ഫെബ്രുവരി 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.