തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി സംബന്ധിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ തുറന്ന് പറയണമെന്ന് സാമ്പത്തിക പണ്ഡിതൻ ഡോ. ജോസ് സെബാസ്റ്റ്യൻ. അടുത്തിടെ മന്ത്രി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സമ്മതിച്ചിരുന്നു. അതിനിടയിലും ലീവ് സറണ്ടർ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള മറുപടിയാണ് ജോസ് സെബാസ്റ്റ്യന്റെ കുറിപ്പ്.
സർക്കാർ ഉദ്യോഗസ്ഥർക്കു സത്യത്തിൽ ലീവുകളുടെ ആധിക്യം കാരണം ജോലി ചെയ്യാൻ സമയമില്ല. 20 ദിവസം കാഷ്വൽ ലീവ് ഒരു വർഷം. 20 ദിവസം പകുതി ശമ്പള ലീവ്. ഇത് 10 മുഴു ശമ്പള ലീവ് ആയി എടുക്കാം. ഞായറാഴ്ച, രണ്ടാം ശനി, തൊട്ടതിനും പിടിച്ചതിനും ഒക്കെയുള്ള അവധി വേറെ. ഇതിനൊക്കെ പുറമെയാണ് ഒരു വർഷം 33 ആർജിത അവധി. ഇത് വിറ്റു കാശാക്കാം. എന്ന് പറഞ്ഞാൽ ഈ ലീവ് എടുക്കുന്നില്ല എന്ന് എഴുതിക്കൊടുത്താൽ 33 ദിവസത്തെ ശമ്പളം വേറെ കിട്ടും. 12 മാസം ജോലി ചെയ്താൽ 13 മാസത്തെ ശമ്പളം.
ഇത് ഉടനെ കാശ് ആക്കാൻ പറ്റുക ഇല്ല. കാരണം സാമ്പത്തിക പ്രതിസന്ധി. പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. നാല് വർഷം കഴിഞ്ഞു എടുക്കാം. പക്ഷെ നാലു വർഷം കൊണ്ട് പ്രതിസന്ധി കൂടുതൽ രൂക്ഷം ആവും എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്. ഈ സറണ്ടർ പരിപാടി അങ്ങു വേണ്ടെന്ന് വെച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ? ഒന്നുമില്ല. ആർജിത അവധി എടുത്ത് വീട്ടിൽ ഇരിക്കുകയോ ലോകം ചുറ്റി കാണുകയോ ചെയ്യാൻ ധനമന്ത്രിക്ക് ഉപദേശിച്ചുകൂടെ? അത്രയും പണം പോലീസ് ജീപ്പിന് പെട്രോൾ അടിക്കാനും വേറെ അഞ്ഞൂറ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പക്ഷെ ധൈര്യം വേണം. സർക്കാർ ഉദ്യോഗസ്ഥർ ആണ് ജനങ്ങളെക്കാൾ പ്രധാനം.
സത്യത്തിൽ ധനമന്ത്രി ഒരു തുറന്ന് പറച്ചിലിന് തയാറാകേണ്ടതാണ്. സർക്കാരിന്റെ ജോലി ജനങ്ങൾക് സേവനം ചെയ്യുകയാണ് ; അതിനുപകരിക്കുന്നിടത്തോളം മാത്രമേ സർക്കാർ ജീവനക്കാരെ സുഖിപ്പിക്കാൻ പറ്റൂ എന്ന് തുറന്ന് പറയണം. സത്യത്തിൽ എങ്ങനെയും തുടർഭരണത്തിന് വേണ്ടി കോവിഡ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പള - പെൻഷൻ ചെലവിൽ 53ശതമാനം വർധന കൊടുത്ത ലോകത്തെ ഒരേയൊരു സർക്കാർ കേരളത്തിലായിരിക്കും. അതിന്റെ ഭാരം മുഴുവൻ പാവപ്പെട്ട നികുതി ദായകർ താങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ ജനത്തിനും അവർ അർഹിക്കുന്ന ഭരണം കിട്ടുമെന്നാണ് ജോസ് സെബാസ്റ്റ്യന്റെ കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.