ഖൊരക്പൂർ മെഡിക്കൽ കോളേജിലെ പീഡിയാട്രീഷൻ ഡോക്ടർ കഫീൽഖാന്റെ വാക്കുകൾ ഇടറുന്നുണ്ട്; ചില നേരങ്ങളിൽ ഗദ്ഗദത്താൽ നീണ്ട നിശബ്ദതകൾ ഉണ്ട്. എന്നാൽ ശബ്ദത്തിലെ നിശ്ചയദാർഢ്യം നാളെയിലേക്ക് നോക്കാൻ ധൈര്യം തരുന്നത്. ഇന്നലെ രാത്രി ജെ.എൻ.യു വിദ്യാർത്ഥികളോട് തന്റെ അനുഭവം പങ്കിടാൻ എത്തിയതായിരുന്നു അദ്ദേഹം. നിറഞ്ഞ കണ്ണുകളോടെയും ഹൃദയത്തോടെയും വിദ്യാർഥികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഡോക്ടർ കഫീൽഖാന്റെ ചില വാക്കുകൾ പങ്ക് വയ്ക്കാതിരിക്കാനാവുന്നില്ല.
" ഞാനൊരു ഹീറോയിസവും ചെയ്തിട്ടില്ല; കൺമുന്നിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോൾ അവരെ രക്ഷിക്കാൻ എന്നാലാവുന്നത് ചെയ്തു. എൻെറയൊപ്പം നഴ്സുമാർ, വാർഡ് ബോയ്മാർ, ജൂനിയർ ഡോക്ടർമാർ ഒക്കെയുണ്ടായിരുന്നു. ഒരു ടീം വർക്കായിരുന്നു അത്. അവരെല്ലാം ഹീറോകളാണ്. ലിക്വിഡ് ഓക്സിജൻ വിതരണം ചെയ്യുന്ന കമ്പനിക്ക് നൽകാനുള്ള കുടിശ്ശിക തുക നൽകുന്നതിൽ വന്ന പിഴവ്; അവർ ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ഉദ്യോഗസ്ഥർക്കും ആരോഗ്യ മന്ത്രിക്കുമായി അയച്ച പത്തൊമ്പത് എഴുത്തുകൾ, അതു അറിയാവുന്നതുകൊണ്ടാണ് കുട്ടികൾ ഓക്സിജൻ ലഭ്യമാകാതെ മരിച്ച് വീഴുന്നത് അഡ്മിനിസ്ട്രേറ്റീവ് പരാജയം കൊണ്ടാണ് എന്നെനിക്ക് പറയേണ്ടി വന്നത്. സത്യമാണ്. സർക്കാരും സംവിധാനങ്ങളും അവരുടെ മുഖം രക്ഷിക്കാൻ എത്ര മൂടി വെക്കാൻ നോക്കിയാലും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിക്കാൻ വന്നപ്പോൾ "നീയാണോ കഫീൽ ഖാൻ? നീ ഹീറോയാവാൻ നോക്കുന്നോ, നിനക്ക് കാണിച്ചു തരാം" എന്ന് പറഞ്ഞ് പോയതിനു ശേഷമാണ് എന്റെ ജീവിതം മറ്റൊന്നായത്. കഴിഞ്ഞ എട്ട് മാസക്കാലം ഞാനുമെൻറ കുടുംബവും അനുഭവിച്ച യാതനകൾ വിവരിക്കാൻ വാക്കുകളില്ല. എൻെറ സഹോദരനെ അറസ്റ്റ് ചെയതു. സഹോദരി, ഉമ്മ എന്നിവരെയൊക്കെ അറസ്റ്റ് ചെയ്യും എന്ന് നിരന്തരം ഭീഷണിപ്പെടുത്തി. സഹോദരന്റെ ലഖ്നൗവിലെ ബിസിനസ് സ്ഥാപനം അടച്ചു പൂട്ടി. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വീട്ടിൽ തമ്പടിച്ചു. എൻെറ കുഞ്ഞിനെ ഫീഡ് ചെയ്യാനുള്ള സ്വകാര്യതയില്ലാതെ എന്റെ ഭാര്യ ബുദ്ധിമുട്ടി. ഞാൻ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന്.
മരിച്ച അറുപത്തിമൂന്ന് കുഞ്ഞുങ്ങളിൽ നാല്പത് നവജാത ശിശുക്കൾ. അതിൽ തന്നെ പതിനാലും പതിനഞ്ചും വർഷം വന്ധ്യതാ ചികിത്സക്ക് ശേഷം പിറന്ന കുട്ടികൾ ! ഭരണപരമായ പരാജയം കൊണ്ടാണ് കുട്ടികൾ മരിച്ചത് എന്ന സത്യം അവർ മറവ് ചെയ്തു; ആരോരുമറിയാതെ കുട്ടികളുടെ ശവങ്ങളും മറവ് ചെയ്തു. ഇത് പോസ്റ്റ് ട്രൂത്തിന്റെയും പോസ്റ്റ് ലൈസിന്റേയും കാലം. whatever happens, happens with a reason. There is nothing called coincidence. ഞാനെന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, ഇതെന്തുകൊണ്ടാണ് എനിക്ക് ഇങ്ങിനെയൊക്കെ സംഭവിച്ചത്? സ്വാതന്ത്ര്യം കിട്ടി എഴുപത് വർഷം പിന്നിടുമ്പോഴും ഹിറോയിസം ഒരാളുടെ റിലീജിയസ് ഐഡന്റിറ്റി അനുസരിച്ച് ചെയ്യാനാവുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്.
ഞങ്ങളുടെ പിതാവ് മരിക്കുമ്പോൾ പോലും ഉമ്മ കരഞ്ഞിട്ടില്ല. അവർ കരുത്തയായ സ്ത്രീയാണ്. ഞാൻ ജയിലിൽ നിന്നിറങ്ങുമെന്നും എന്നെ തുടർന്ന് കാണാനാവുമെന്നും അവർ കരുതിയിരുന്നില്ല. അത്രക്ക് പ്രതീക്ഷയറ്റ മാനസിക പീഡന കാലം കൂടിയായിരുന്നു എൻെറ കുടുംബത്തിന് കഴിഞ്ഞ എട്ട് മാസക്കാലം. എന്നെ കണ്ട് അലമുറയിട്ട് കരഞ്ഞ ഉമ്മയോട് ഞാൻ പറഞ്ഞു: എൻെറുമ്മക്ക് കുഞ്ഞിനെ തിരികെ കിട്ടി. ഒരിക്കലും തിരികെ കിട്ടാത്ത ആ 63 മക്കളുടെ അമ്മമാരെ കുറിച്ചോർക്കു...
വൈറലായ ആ പടത്തിലെ ഞാനെടുത്ത് ഓടിയ കുഞ്ഞ് ഇന്നും ആരോഗ്യവാനായുണ്ട്. അവൻെറ രക്ഷിതാക്കളെ ഇൻറർവ്യു ചെയ്ത ജേർണലിസ്റ്റിനോട് അവർ അന്ന് രാത്രി ഉണ്ടായ കാര്യങ്ങൾ തുറന്ന് പറഞ്ഞതാണ്. എന്നാൽ പ്രസിദ്ധീകരിക്കാൻ അവർക്ക് പേടിയാണ്. അവരെന്നല്ല ആരും പറയില്ല സത്യം. ഇതാണ് യോഗിജിയുടെ ഖരക്പുർ ! ഞാനിവിടെ നിന്നോടി പോകില്ല പേടിച്ച്. ഇതെൻെറ കൂടി നഗരമാണ്, യോഗിജിയുടെ എന്ന പോലെ. ഇവിടെ നിന്നു കൊണ്ടു തന്നെ പോരാട്ടം തുടരും. ഇത് നമ്മുടെ പോരാട്ടമല്ല; അടുത്ത തലമുറക്കായുള്ള പോരാട്ടമാണ്. നമ്മൾക്കിത്രയും സഹിക്കേണ്ടി വന്നെങ്കിൽ അടുത്ത തലമുറയുടെ കാര്യം ഓർത്ത് നോക്കു. അവർക്ക് വേണ്ടി പൊരുതിയേ തീരു. എനിക്ക് കിട്ടുന്ന സ്നേഹം എനിക്കുള്ളതല്ല എന്നറിയാം. നാളെ ആരും കഫീലാകാം; anyone can be doctor Kafeel- അതാണ് ലോകം, അതാണ് കാലം. ഞാൻ കൊല ചെയ്യപ്പെട്ടേക്കാം. പക്ഷെ ഭയമില്ല; പോരാട്ടം തുടരുക തന്നെ ചെയ്യും. ഡരൂംഗാ നഹി ലഡൂംഗാ...
മേയ് 14 രാത്രി ജെ.എൻ.യു കാമ്പസിൽ ഭഗത് സിംഗ് അംബേദ്കർ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണം
(തയാറാക്കിയത് പി.എം. ആരതി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.