തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിന് കാബിനറ്റ് പദവി നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥ പദവിയിലുള്ള ഒരാൾക്ക് കാബിനറ്റ് പദവി നൽകുന്നത് അപൂർവമാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന സുധാകര പ്രസാദിന് കാബിനറ്റ് പദവി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിക്ക് പുറമെ, കിഫ്ബി സി.ഇ.ഒ, കെ-ഡിസ്ക് എക്സിക്യുട്ടിവ് വൈസ് ചെയർപേഴ്സൺ പദവികളും മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ.എം. എബ്രഹാം വഹിക്കുന്നുണ്ട്. ഈ പദവികളിൽ എബ്രഹാം നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് കാബിനറ്റ് പദവി നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ മന്ത്രിസഭ അംഗങ്ങൾക്കും പ്രതിപക്ഷ നേതാവിനും പുറമെ, ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവർക്കും കാബിനറ്റ് പദവിയുണ്ട്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള, ചീഫ് വിപ്പ് കെ. രാജൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ. സമ്പത്ത് എന്നിവർക്കും കാബിനറ്റ് പദവി നൽകിയിരുന്നു. അതേസമയം, മസാലബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിനിടെയാണ് സി.ഇ.ഒ ആയ കെ.എം. എബ്രഹാമിന് കാബിനറ്റ് പദവി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.