ഡോ. എം.എസ്. സ്വാമിനാഥന്റെ സ്വപ്നതുല്യ പദ്ധതിയായിരുന്നു നടപ്പാക്കാനാകാതെപോയ കുട്ടനാട് പാക്കേജ്. കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷണം, കാർഷിക മേഖലയിലെ ഉൽപാദന വർധന, കർഷകരുടെ സുസ്ഥിര വരുമാനം എന്നിവ ഉറപ്പാക്കലായിരുന്നു പാക്കേജിന്റെ ലക്ഷ്യം. കുട്ടനാടൻ മേഖലയിലെ പ്രശ്നങ്ങൾ സവിസ്തരം പഠിച്ചും പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് കോട്ടം വരാത്തരീതിയിൽ പരിഹാരമാർഗങ്ങൾ നിർദേശിച്ചും 227 പേജുള്ള റിപ്പോർട്ടാണ് എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ സമർപ്പിച്ചത്.
2008ൽ കേന്ദ്രസർക്കാർ പാക്കേജിന് അംഗീകാരം നൽകി. 2010ൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനവും നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിലേക്ക് സ്വാമിനാഥനെ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.
പാക്കേജിന്റെ കാലാവധി 2016വരെ നീട്ടിയെങ്കിലും 750 കോടി മാത്രമാണ് ചെലവഴിക്കാനായത്. നടത്തിപ്പിന് ചുമതലപ്പെടുത്തിയ 12 വകുപ്പുകളുടെ ഏകോപനമില്ലായ്മയും അനാവശ്യ കാലതാമസവുമാണ് വിനയായത്. ഇതിനൊപ്പം ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിയും കാരണമായി. സമഗ്ര കാർഷിക വികസനവും വെള്ളപ്പൊക്ക നിയന്ത്രണവും അടക്കമുള്ളവ നടപ്പാക്കുന്നതിൽ വൻവീഴ്ചയുണ്ടായി. ഇതോടെ, സ്വാമിനാഥൻ മുന്നോട്ടുവെച്ച പല കാര്യങ്ങളും ആദ്യ പാക്കേജിൽ അട്ടിമറിക്കപ്പെട്ടു.
കുട്ടനാട്ടിലെ തോടുകളുടെയും കനാലുകളുടെയും ആഴം കൂട്ടി വെള്ളമൊഴുക്ക് സുഗമമാക്കാൻ പാക്കേജിൽ മുൻഗണന നൽകിയിരുന്നു. ഇത് നടപ്പാക്കിയിരുന്നെങ്കിൽ കുട്ടനാട്ടിൽ ആവർത്തിക്കുന്ന പ്രളയം ഒരുപരിധിവരെ പ്രതിരോധിക്കാൻ കഴിയുമായിരുന്നു. കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഒന്നാം പാക്കേജിൽ വിട്ടുപോയതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് രണ്ടാം പാക്കേജ് തയാറാക്കിയത്. 2020 സെപ്റ്റംബറിൽ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജും ജലരേഖയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.