തൃശൂരിൽ നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന വേദിയിൽ എ. വിജയരാഘവൻ പ്രവാസി പ്രതിഭാ പുരസ്കാരം ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിക്കുന്നു

ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി പ്രതിഭാ പുരസ്കാരം

തൃശൂർ: പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദിന് കേരള പ്രവാസി സംഘത്തിന്റെ പ്രവാസി പ്രതിഭാ പുരസ്കാരം. തൃശൂരിൽ നടന്ന സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തിൽ മുൻ എംപിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ എ. വിജയരാഘവൻ പുരസ്കാരം സമ്മാനിച്ചു. കെ.വി. അബ്ദുൽ ഖാദർ, പി.ടി. കുഞ്ഞുമുഹമ്മദ്, എം.എം. വർഗീസ്, ഗഫൂർ പി. ലില്ലീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രവാസി രംഗത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നൽകുകയും നാടിന്‍റെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഡോ. സിദ്ദീഖ് അഹമ്മദെന്ന് വിലയിരുത്തിയാണ് പ്രവാസി സംഘം പുരസ്കാരം സമ്മാനിച്ചത്.

രാജ്യത്തിന്റെ തന്നെ ന​ട്ടെല്ലായ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവാസി പ്രതിഭാ പുരസ്​കാരം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ അവാർഡ്​ സ്വീകരിച്ചുകൊണ്ട്​ ഡോ. സിദ്ദീഖ്​ അഹമ്മദ്​ പറഞ്ഞു. വലിയ മാറ്റങ്ങൾക്ക്​ വിധേയമായിക്കൊണ്ടിരിക്കുന്ന സൗദിയിൽ നീറ്റ്​ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കാൻ കഴിഞ്ഞത്​ അഭിമാനത്തോടെ കാണുന്നു. മെഡിക്കൽ, എൻജിനിയറിങ്​, നിയമരംഗങ്ങളിലെ വിദഗ്​ധരെ വാർത്തെടുക്കുന്നതിനുള്ള മികവുറ്റ വിദ്യാഭ്യാസ സ്​ഥാപനമാണ്​ തന്റെ സ്വപ്​നമെന്നും അദ്ദേഹം പറഞ്ഞു. അതിനാവശ്യമായ പിന്തുണ കേരള പ്രവാസി സംഘത്തോട്​ അഭ്യർഥിക്കുന്നതായും സിദ്ദീഖ്​ പറഞ്ഞു.

സൗദി അറേബ്യ കേന്ദ്രമാക്കി വ്യവസായ സാമ്രാജ്യം വളർത്തിയെടുത്ത ഡോ. സിദ്ദീഖ് അഹമ്മദ് ജീവകാരുണ്യമേഖലയിലും വലിയ സംഭാവനയാണ് നൽകുന്നതെന്നും പ്രവാസി പ്രതിഭാ പുരസ്കാര ജേതാവാക്കിയത് അതാണെന്നും സംഘാടകർ വ്യക്തമാക്കി. 16 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 40ലധികം കമ്പനികളാണ് ഡോ. സിദ്ദീഖ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളത്. മലയാളികളും സൗദി പൗരന്മാരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന് കീഴിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.

ഓയിൽ ആൻഡ് ഗ്യാസ്, പവർ, നിർമാണം, ഉൽപ്പാദനം, ട്രാവൽ ആൻഡ് ടൂറിസം, ഹെൽത്ത്, ഐ.ടി, മീഡിയ, ലോജിസ്റ്റിക്, ആട്ടോമോട്ടീവ്, ട്രേഡിങ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ രംഗങ്ങളിലാണ് അദ്ദേഹം വ്യവസായം പടുത്തുയർത്തിയിരിക്കുന്നത്. ജല, ഭൗമ സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെ ഐക്യരാഷ്ട്രസഭ ആവിഷ്ക്കരിച്ച പദ്ധതികളിൽ സജീവ പങ്കാളി കൂടിയായ അദ്ദേഹം സ്വദേശമായ പാലക്കാട് അത്തരമൊരു പദ്ധതി നടപ്പാക്കി ശ്രദ്ധേയനാവുകയും ചെയ്തു. വേനൽക്കാലത്ത് കടുത്ത വരൾച്ചയിലും കഠിനചൂടിലും ​ജനം ദുരിതത്തിലാവുന്ന അവിടെ നൂറുകണക്കിന് കുളങ്ങളും കിണറുകളും വൃത്തിയാക്കി ജലസ്രോതസുകൾ കണ്ടെത്തിയും ആയിരക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിച്ചുമാണ് അതിന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടത്.

സൗദി അറേബ്യയിലെ പൊതുമാപ്പ് കാലയളവിൽ ജയിലിലുള്ളവരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടപ്പാക്കിയ 'സ്വപ്ന സാഫല്യം' പദ്ധതി ഒരുപാട് ​പ്രവാസികൾക്ക് ആശ്വാസമായി മാറിയിരുന്നു. ഫോബ്സ് മാസികയുടെ മികച്ച ബിസിനസ്സുകാരുടെ പട്ടികയിൽ നിരവധി തവണ ഇടം നേടിയിട്ടുള്ള ഡോ. സിദ്ദീഖ് അഹമ്മദ് സൗദി അറേബ്യയിലെ പ്രീമിയം റസിഡന്‍റ് വിസക്കും യു.എ.ഇയിലെ ഗോൾഡൻ വിസക്കും അർഹനായി. ഇന്ത്യാഗവൺമെന്റിന്റെ പ്രവാസി ഭാരതീയ സമ്മാൻ കഴിഞ്ഞവർഷം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പാലക്കാട്, മങ്കര പനന്തറവീട്ടിൽ അഹമ്മദ്-മറിയുമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ ഇളയവനാണ് ഡോ. സിദ്ദീഖ് അഹമ്മദ്. നുഷൈബയാണ് ഭാര്യ. റിസ്വാൻ, റിസാന, റിസ്വി എന്നിവർ മക്കൾ.

Tags:    
News Summary - Dr. Siddique Ahmed received Pravasi Pratibha Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.