കണ്ണൂർ: ജല്‍ജീവന്‍ മിഷന് പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍ കുടിവെള്ളമെത്തി. ഇനി 2,00,347 കണക്ഷനുകളാണ് സ്ഥാപിക്കാന്‍ ബാക്കിയുള്ളത്. 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജല്‍ ജീവന് മിഷന് പദ്ധതി വഴി കുടിവെള്ളമെത്തിക്കുന്നത്.
കണക്ഷനുകൾ സ്ഥാപിക്കാന്‍ ബാക്കിയുള്ള സ്ഥലങ്ങളിൽ പൈപ്പ് ലൈനിനായി റോഡ് കീറൽ അനുമതിക്ക് ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. ജല്‍ ജീവന് മിഷന് പദ്ധതി നടപ്പാക്കാനുള്ള ജില്ലതല ജലശുചിത്വ മിഷന്റെ യോഗത്തിലാണ് സബ് കലക്ടറും ജില്ല വികസന കമീഷണര്‍ ഇന്‍ ചാര്‍ജുമായ സന്ദീപ് കുമാര്‍ പൊതുമരാമത്ത്, ദേശീയപാത, എല്‍.എസ്.ജി.ഡി, കെ.ആര്.എഫ്.ബി, കെ.എസ്.ടി.പി അധികൃതര്‍ക്ക് നിർദേശം നൽകിയത്.
ആറളം ആദിവാസി കോളനികളില്‍ ജല്‍ ജീവന് മിഷന് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്യും. പദ്ധതി പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സബ് കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
ജില്ലയിലെ 20 പഞ്ചായത്തുകളില്‍ 100 ശതമാനം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായെന്നും യോഗം വിലയിരുത്തി. അഞ്ചരക്കണ്ടി, മാട്ടൂല്‍, കതിരൂര്‍, രാമന്തളി, ചെറുകുന്ന്, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, പിണറായി, ധര്‍മടം, മുഴപ്പിലങ്ങാട്, പാപ്പിനിശ്ശേരി, ഏഴോം, ചെമ്പിലോട്, ചെറുതാഴം, കടമ്പൂര്, കൂടാളി, പെരളശ്ശേരി, മാടായി, വേങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് സമ്പൂര്‍ണമായി കണക്ഷനുകള്‍ നല്‍കിയത്.
ഇതില്‍ 17 എണ്ണം ഹര് ഘര്‍ ജല്‍ പഞ്ചായത്തുകളായും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2024 ഓടുകൂടി ഗാര്‍ഹിക കുടിവെള്ള കണക്ഷണ് നല്കി കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മെംബര്‍ സെക്രട്ടറിയും എക്സിക്യൂട്ടിവ് എന്‍ജിനീയറുമായ വി. റിജു, സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. സുദീപ്, കേരള വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.