മരിച്ച മർഹാൻ

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ 10 വയസ്സുകാരൻ ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

വർക്കല: മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ഗോകുലം ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകീട്ട് നാലേകാലോടെ വർക്കല ആയുർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് മർഹാൻ(10) ആണ് മരിച്ചത്.

മാതാവ് താഹിറയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത ബസ്സ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മർഹാൻ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും സ്കൂട്ടറിൽ നിന്നും വീഴുന്നതിനിടെ ഹെൽമെറ്റ് തെറിച്ച് പോയി. മർഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലമ്പലം പേരൂർ എം.എം.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മർഹാൻ.

അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഡ്രൈവർ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്ത ശേഷം വർക്കല കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Driver arrested after boy killed in bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.