കോതമംഗലം: മ്ലാവ് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി പി.എൻ. വിജിൽ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വിജിൽ മരിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
റോഡിന്‍റെ ഇടതുവശത്ത് നിന്നും ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. മ്ലാവ് ഇടിച്ചതോടെ ഓട്ടോറിക്ഷ മറിഞ്ഞു. കൈ മുറിഞ്ഞ ഒരാളെയും കൊണ്ട് കോതമംഗലത്തെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു വിജിൽ.
ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പിലെ ജീവനക്കാരും ചേർന്ന് ആദ്യം കോതമംഗലം ധർമ്മഗിരി ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലുമെത്തിച്ചു. വാരിയെല്ലുകൾ തകർന്നുള്ള രക്തസ്രാവമാണ് മരണകാരണമായത്.
വിജിലിന്‍റെ മാതാവ്: സരള. ഭാര്യ: രമ്യ. മക്കൾ: അതുല്യ, ആരാധ്യ. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജലീലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.