തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു സമരത്തിൽ നിന്ന് തൽക്കാലം പിന്മാറിയെങ്കിലും ഉടമകളുടെ സംഘടനകളടക്കം പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയിലെ ടെസ്റ്റുകൾ പ്രതിസന്ധിയിൽ. ഒത്തുതീർപ്പ് ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്കരണ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചും ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്. ടെസ്റ്റ് ബഹിഷ്കരണം മാത്രമല്ല, ലേണേഴ്സ് ടെസ്റ്റിനുള്ള ഫീസ് അടയ്ക്കുന്നതിൽനിന്നും ഇവർ വിട്ടുനിൽക്കുകയാണ്.
ഈ മാസം 23ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമുമായി ഗതാഗത മന്ത്രി ചർച്ചക്ക് സമ്മതിച്ച സാഹചര്യത്തിലാണ് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സമരം മാറ്റിവെച്ചത്. പണിമുടക്കുന്നവരുടെ ആവശ്യങ്ങളിൽ സി.ഐ.ടി.യുവിനും വിയോജിപ്പില്ല. തിങ്കളാഴ്ച ഗ്രൗണ്ടുകളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാവും നിലപാട്. പണിമുടക്കുന്ന സംഘടന പ്രതിനിധികൾ എതിർപ്പുന്നയിക്കുന്ന പക്ഷം ടെസ്റ്റിൽനിന്ന് പിന്മാറും. എന്തായാലും ബലം പ്രയോഗിച്ച് ടെസ്റ്റ് നടത്തിക്കാൻ മുതിരില്ലെന്ന് സി.ഐ.ടി.യു നേതാക്കൾ വ്യക്തമാക്കുന്നു.
ഫലത്തിൽ തിങ്കളാഴ്ച മിക്കയിടങ്ങളിലും ടെസ്റ്റ് മുടങ്ങാനാണ് സാധ്യത. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരിൽതന്നെ പരിഷ്കരണങ്ങളെ എതിർക്കുന്നവരും അനുകൂലിക്കുന്നരുമുണ്ട്. അനുകൂലിക്കുന്നവർ സാഹചര്യങ്ങൾ കൂടി അനുകൂലമെങ്കിൽ ടെസ്റ്റ് നടത്തും. എന്നാൽ, എതിർക്കുന്നവർ ഗ്രൗണ്ടിലെത്തുമെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലെന്ന വാദമുന്നയിച്ച് പിന്മാറാനാണ് സാധ്യത. പരിഷ്കരണങ്ങൾ നിർത്തിവെക്കുമെന്നായിരുന്നു സമരക്കാർ പ്രതീക്ഷിച്ചതെങ്കിലും മൂന്നു മാസത്തിനു ശേഷം നടപ്പാക്കുമെന്ന വിധമാണ് ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.