ഡ്രൈവിങ് ടെസ്റ്റിന് ബ്രേക്ക്ഡൗൺ....കുത്തനെ കയറ്റത്തിൽ വാഹനം നിന്നുപോയ തുടക്കക്കാരന്റെ ആധിയിലാണ്, സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായം പരിഷ്കരിക്കാനിറങ്ങിയ ഗതാഗത മന്ത്രി ഗണേഷ് കുമാറും മോട്ടോർ വാഹനവകുപ്പും. മുന്നോട്ടും പിന്നോട്ടുമില്ലാത്ത നിസ്സഹായാവസ്ഥ. നിലവിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെയും പ്രത്യാഘാതത്തിന്റെ വ്യാപ്തി മുൻകൂട്ടി കാണാതെയും വാശിയോടെ പരിഷ്കാരത്തിനിറങ്ങിയതിന്റെ പകപ്പിലാണ് സർക്കാർ. ഇതിനിടയിൽ പെട്ട് വലയുന്നത് ലേണേഴ്സ് ലൈസൻസ് എടുത്ത് കാത്തിരിക്കുന്ന സംസ്ഥാനത്തെ 10 ലക്ഷത്തോളം അപേക്ഷകരും
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ അടിമുടി പരിഷ്കരിക്കാനും പരിശോധന കർശനമാക്കാനുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം ഫെബ്രുവരി 21ന് ഇറക്കിയ ഉത്തരവ് വലിയ കോലാഹലമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ ‘H’ന് പകരം റിവേഴ്സ് പാർക്കിങ്ങും സിഗ്സാഗുമടക്കം അൽപം സങ്കീർണമായവയാണ് പരിഷ്കരണത്തിൽ പറഞ്ഞിരിക്കുന്നത്.
പ്രായോഗികതയുടെ പേരിൽ പല പരിഷ്കാരങ്ങളും വലിയ വിമർശനം ഏറ്റുവാങ്ങി. മേയ് ഒന്നു മുതൽ പരിഷ്കരണം ഏർപ്പെടുത്തുമെന്നായിരുന്നു ഉത്തരവ്. സംസ്ഥാനത്തെ 86 ടെസ്റ്റിങ് ഗ്രൗണ്ടുകളിൽ ഒമ്പത് ട്രാക്കുകൾ മാത്രമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. ഇവിടങ്ങളിൽ പോലും പുതിയ രീതിയിൽ ട്രാക്കൊരുക്കാൻ കഴിയാതെ വന്നതോടെ പ്രഖ്യാപനം തുടക്കത്തിലേ പാളി. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂൾ സംഘടനകൾ മേയ് രണ്ട് മുതൽ സമരം തുടങ്ങി.
തുടർന്ന് പരിഷ്കാരം മൂന്നു മാസത്തേക്ക് നീട്ടി, നിലവിലെ രീതികൾ മാറ്റങ്ങളോടെ തുടരാൻ അനുവദിച്ചുവെങ്കിലും പൂർണമായി പിൻവലിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതോടെ ടെസ്റ്റുകൾ അനിശ്ചിതാവസ്ഥയിലായി. പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിജയിച്ചിട്ടില്ല.
അപകടങ്ങൾ കൂടുന്നതിന് പിന്നിലെ പ്രധാന കാരണം ഡ്രൈവിങ് പരിശീലനത്തിലെ പോരായ്മകളാണെന്ന വിലയിരുത്തലിലാണ് മോേട്ടാർ വാഹന വകുപ്പ് പരിഷ്കാരത്തിനിറങ്ങിയത്. ഡ്രൈവിങ് പഠനത്തിന് ശാസ്ത്രീയ പരിശീലനം വേണമെന്ന, സംസ്ഥാനത്തെ വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ടി.കെ ചന്ദ്രശേഖരദാസിന്റെ ശിപാർശ എട്ട് വർഷമായി സർക്കാറിന്റെ മുന്നിലുണ്ട്.
എങ്ങനെയെങ്കിലും ടെസ്റ്റ് പാസായി ലൈസൻസ് സ്വന്തമാക്കിയ േശഷം വാഹനം ‘ഓടിച്ച് കൈ തെളിയുന്ന’ രീതിക്കു പകരം നന്നായി ഓടിക്കാനറിയുന്നവർക്ക് മാത്രം ലൈസൻസ് എന്നതാണ് പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് മോേട്ടാർ വാഹന വകുപ്പ് വിശദീകരിക്കുന്നു. ഡ്രൈവിങ് സ്കൂളുകാരും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്ന് മതിയായ പ്രാവീണ്യമില്ലാത്തവരെ പോലും പാസാക്കുന്നുവെന്നും ഇതിനെല്ലാം പരിഹാരമാണ് പുതിയ പരിഷ്കാരമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധി രൂക്ഷമാകുമ്പോഴും വകുപ്പു മന്ത്രി വിദേശ യാത്രയിലാണ്. ഗതാഗത കമീഷണറേറ്റിനാകട്ടെ ആശയക്കുഴപ്പവും.
ടെസ്റ്റ് ട്രാക്കിന് സ്ഥലം കണ്ടെത്തലായിരുന്നു പരിഷ്കരണങ്ങളുടെ ഒന്നാമത്തെ വെല്ലുവിളി. പുതിയ ട്രാക്കിന് സ്ഥലമൊരുക്കാൻ ഡ്രൈവിങ് സ്കൂളുകാരോട് നിർദേശിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ഈ ചുമതലയിപ്പോൾ ഉദ്യോഗസ്ഥരുടെ ചുമലിലാണ്. ഒമ്പതിടത്ത് മാത്രമാണ് മോട്ടോർ വാഹന വകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്.
പുതിയ രീതി നടപ്പാക്കാൻ ഇവിടങ്ങളിലും മാറ്റം വരുത്തണം. നിലവിൽ ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും മിക്കയിടത്തും പുറമ്പോക്കിലും റോഡ് വക്കിലും ഡ്രൈവിങ് സ്കൂളുകാര് വാടകക്ക് എടുത്ത സ്ഥലത്തുമാണ് പരിശോധന നടക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിങ് ട്രാക്ക് നിലവിലേതു തന്നെയാണ്.
കാലഹരണപ്പെട്ട സാങ്കേതിക വിദ്യയെന്ന കാരണം ചൂണ്ടിക്കാട്ടി, 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കുന്നത് തടയുന്ന മോട്ടോര്‍വാഹന വകുപ്പുതന്നെ, ഗിയറില്ലാത്ത വാഹനമെന്ന് പറഞ്ഞ് ആധുനിക സാങ്കേതിക വിദ്യയിലുള്ള ഓട്ടോമാറ്റിക് ഇ-വാഹനങ്ങൾക്കും വിലക്കേര്‍പ്പെടുത്തുന്നതിൽ വിരോധാഭാസമുണ്ട്. അതേസമയം ഓട്ടോമാറ്റിക്^ ഇ വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാമെന്നാണ് കേന്ദ്ര നിലപാട്.
വിദേശത്തുനിന്ന് ഓട്ടോമാറ്റിക് ലൈസന്‍സുമായി വരുന്നവര്‍ക്ക് ഇവിടെയും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇതുപോലെ ഇ- വാഹനങ്ങള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗം ലൈസന്‍സില്‍ കൂട്ടിച്ചേര്‍ത്താല്‍ പ്രശ്നം പരിഹരിക്കാനാകും.
കയറ്റത്തില്‍ നിര്‍ത്തി വാഹനം മുന്നോട്ട് എടുക്കുന്ന (ഗ്രേഡിയൻറ്) പരീക്ഷണവും പുതിയ തലമുറ വാഹനങ്ങളില്‍ അപ്രസക്തമാണ്. വാഹനം പിന്നോട്ട് നീങ്ങാതിരിക്കാനുള്ള ഹില്‍ഹോള്‍ഡ്, ഹില്‍ അസിസ്റ്റ് സംവിധാനങ്ങള്‍ ആധുനിക വാഹനങ്ങളിലുണ്ട്.
സമരം കടുത്തതോടെ മോേട്ടാർ വാഹനവകുപ്പ് അയഞ്ഞുവെന്ന് വരുത്തി പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് മൂന്ന് മുതൽ ആറ് മാസം വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച പ്രകാരമുള്ള പരിഷ്കരണങ്ങൾക്ക് ഗ്രൗണ്ട് ഒരുക്കുന്നതിന് മൂന്ന് മാസം സമയമനുവദിച്ചതായിരുന്നു ഇതിലൊന്ന്.
എന്നാൽ മൂന്ന് മാസം കഴിഞ്ഞ് പരിഷ്കരണം നടപ്പാക്കുമെന്ന് ഒത്തുതീർപ്പ് ഉത്തരവിൽതന്നെ പറയുന്നതിനാൽ സംഘടനകൾ അയഞ്ഞിട്ടില്ല. ഉത്തരവ് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും സമരമുഖത്താണ് സംഘടനകൾ. എന്നാൽ, മോേട്ടാർ വാഹനവകുപ്പ് വഴങ്ങിയിട്ടില്ല. പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിജയിച്ചില്ല. ഡ്രൈവിങ് സ്കൂളുകാർ വാഹനം വിട്ടുനൽകാതായതോടെ ടെസ്റ്റുകൾ സ്തംഭിച്ചു.
സ്വന്തം വാഹനവുമായി വരുന്നവർക്ക് ടെസ്റ്റ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇവരുടെ എണ്ണം കുറവാണ്. ടെസ്റ്റിനെത്തിയില്ലെങ്കിൽ ആറ് മാസം നഷ്ടപ്പെടുമെന്ന് അപേക്ഷകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗതാഗത കമീഷണറേറ്റ്. വണ്ടിയില്ലാതെ വന്നാൽ എങ്ങനെ ടെസ്റ്റ് നടത്തുമെന്ന ചോദ്യത്തിനാകട്ടെ ഉത്തരവുമില്ല.
പരിഷ്കരണങ്ങൾക്കെതിരെ സംഘടനകൾ പ്രതിഷേധമുയർത്തിയെങ്കിലും ഭരണാനുകൂല സി.െഎ.ടി.യു തെരുവിലേക്കിറങ്ങിയതോടെ ഗതാഗത മന്ത്രി പ്രതിരോധത്തിലായി. യൂനിയനുമായി ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂവെന്ന ഉറപ്പ് ലംഘിച്ചാൽ വകുപ്പു മന്ത്രിയെ വഴിയിൽ തടയുമെന്നാണ് സി.ഐ.ടി.യു മുന്നറിയിപ്പ്. സി.പി.എം തൽക്കാലം അനുനയിപ്പിച്ചു. മേയ് 23ന് ചർച്ചക്ക് സമ്മതിച്ചതാണ് താൽക്കാലിക പിൻമാറ്റത്തിന് കാരണം.
പ്രതിഷേധം കനത്തതോടെ നിലവിലെ ക്രമീകരണങ്ങൾ കടുപ്പിച്ച് ടെസ്റ്റുകൾ കർക്കശമാക്കാനാണ് നീക്കം. സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയുടെ പിന്നാലെ ഇറങ്ങിയ ഉത്തരവും ഇക്കാര്യം അടിവരയിട്ടു. ഇപ്പോഴുള്ള ‘H’തന്നെ തുടരും. ആദ്യം ‘H’ നടത്തി പാസാകുന്നവരെ റോഡ് ടെസ്റ്റിന് വിധേയമാക്കുക എന്ന നിലവിലെ രീതിക്കു പകരം ആദ്യം റോഡ് ടെസ്റ്റും പാസാകുന്നവർക്ക് മാത്രം ‘H’ഉം എന്നാക്കും.
റോഡ് ടെസ്റ്റിലെ ഉദാരത ഒഴിവാക്കി, ‘H’പാസായാൽ ലൈസൻസായി എന്ന ധാരണ തിരുത്തിക്കുകയാണ് വകുപ്പിന്റെ പുതിയ ലക്ഷ്യം. ഏതാനും മിനിറ്റുകളിൽ അവസാനിക്കുന്ന റോഡ് ടെസ്റ്റ് കൂടുതൽ കർശനമാക്കും. സീറ്റ് ബെൽറ്റ്, ഇൻഡിക്കേറ്റർ, റോഡിലെ തിരക്ക്, കയറ്റവും ഇറക്കവും യൂടേണുമെല്ലാം കർക്കശമാക്കിയാൽ നന്നായി പരിശീലനം നേടാത്തവർക്ക് കടമ്പ കടക്കാനാവില്ല എന്നും വകുപ്പ് കണക്കുകൂട്ടുന്നു.
അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിട്ടും ഡ്രൈവിങ് തിരക്കിട്ട ടെസ്റ്റ് പരിഷ്കരണ പ്രഖ്യാപനവും അതിെൻറ പേരിലെ കടുംപിടിത്തവും സ്വകാര്യ കുത്തകകൾക്ക് ഇൗ മേഖലയിലേക്ക് പരവതാനി വിരിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന വിമർശനവും ശക്തമാണ്. ടെസ്റ്റ് ഗ്രൗണ്ടുകളൊരുക്കൽ ആദ്യം ഡ്രൈവിങ് സ്കൂളുകാരുടെ ചുമലിൽവെച്ചതുതന്നെ ഇൗയൊരു ഗൂഢലക്ഷ്യത്തോടെയായിരുന്നുവെന്നാണ് സ്കൂൾ ഉടമകൾ പറയുന്നത്.
ലക്ഷങ്ങൾ ചെലവ് വരുമെന്നതിനാൽ സ്കൂളുകാർ പിൻമാറുമെന്നും ഇത് പഴുതാക്കി സ്വകാര്യ ഏജൻസികൾക്ക് വഴിയൊരുക്കാനുമായിരുന്നു നീക്കമെന്ന് ഇവർ പറയുന്നു. ൈഡ്രവിങ് സ്കൂളുകൾ സ്ഥലം കണ്ടെത്തി നൽകിയില്ലെങ്കിൽ സ്ഥലം വാടകക്കെടുത്തും ടെസ്റ്റ് നടത്തുമെന്ന് മന്ത്രിതന്നെ പറഞ്ഞിരുന്നു.
ഇതിനർഥം വാടകക്ക് ടെസ്റ്റ് ഗ്രൗണ്ടും ട്രാക്കും നൽകാൻ ആളുകൾ സജ്ജമാണെന്നാണെന്നും സ്വകാര്യവത്കരിക്കലാണ് ലക്ഷ്യമെന്നും ഡ്രൈവിങ് സ്കൂൾ ഒാണേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ജയശങ്കർ വിളക്കപ്പിള്ളി പറയുന്നു. ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ അടക്കം സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും സ്വകാര്യ ഏജൻസികളിലേക്കായിരിക്കും ചെന്നുനിൽക്കുകയെന്നാണ് ആരോപണം.
കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളുടെ കാര്യത്തിൽ സ്വീകരിച്ച സമീപനത്തിെൻറ തുടർച്ചയാണ് ഇതെന്നും സംശയമുണ്ട്. സർക്കാർ മേഖലയിൽ കഴിയുമായിരുന്നിട്ടും കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ നിർമാണ-നടത്തിപ്പ് ചുമതല സ്വകാര്യമേഖലക്ക് നൽകാൻ ടെൻഡർ വ്യവസ്ഥകളിലടക്കം ഇളവൊരുക്കിയത് വലിയ വിവാദമായിരുന്നു. സമരം ചെയ്താണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ നീക്കം പിൻവലിപ്പിച്ചത്.
പഴയ പരിശീലന രീതിയെക്കാൾ സങ്കീർണമാണ് പുതിയ രീതിയെന്നതിനാൽ ഡ്രൈവിങ് സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യം വർധിപ്പിക്കേണ്ടിവരും. കൂടുതൽ ക്ലാസുകളും വേണ്ടിവരും. ഇത് ഫീസ് വർധനയിലാകും ചെന്നെത്തുക. ക്ലാസുകൾക്കായി 10000 രൂപ മുതൽ 12000 രൂപവരെ ഡ്രൈവിങ് സ്കൂളുകൾ ഈടാക്കുന്നുണ്ട്.
വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത നിരക്കുകളും സൗകര്യങ്ങളുമാണ് നൽകുന്നത്. 30 ദിവസമാണ് നിലവിൽ ക്ലാസ്. ലൈസൻസ് ഫീസ് ഉൾപ്പെടെ ഫീസിൽ ഉൾപ്പെടുത്തും. ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഓരോ ദിവസത്തെ ക്ലാസിനും അധികനിരക്ക് നൽകണം. ലൈസൻസ് പരിശീലനത്തിനായി വാങ്ങാവുന്ന ഫീസിനെക്കുറിച്ച് സർക്കാർ ഉത്തരവിൽ പറയുന്നില്ല.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ സ്തംഭിച്ചതോടെ വെട്ടിലായത് അപേക്ഷകരാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രധാനമായും ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. ഒത്തുതീർപ്പ് ഉത്തരവ് പ്രകാരം ഒരു ദിവസം പ്രതിദിനം 40 ടെസ്റ്റുകൾ നടക്കണം. സംസ്ഥാനത്തെ 86 കേന്ദ്രങ്ങളിലുമായി 40 വീതം 3440 ടെസ്റ്റുകളാണ് നടക്കേണ്ടിയിരുന്നത്.
ഫലത്തിൽ ഒമ്പത് ദിവസമായി പണിമുടക്ക് തുടരുന്നതോടെ മുടങ്ങിയത് 30,960 ടെസ്റ്റുകൾ. ദിവസം 100 ടെസ്റ്റുകൾ വീതം അനുവദിച്ചിരുന്ന മേയ് ഒന്നിന് മുമ്പുള്ള കണക്കുപ്രകാരമെങ്കിൽ 77,400 ടെസ്റ്റുകളും. സമരം പിൻവലിച്ചാലും വരുന്ന ദിനങ്ങളിൽ മുൻകൂർ സ്ലോട്ട് നൽകിയതിനാൽ മുടങ്ങിയവരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണ്ടിവരും.
ലേണേഴ്സ് പാസായി ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം ഓരോ ഓഫിസിലും ശരാശരി പതിനായിരത്തോളം വരും, സംസ്ഥാന വ്യാപകമായി 10 ലക്ഷത്തോളവും. ആറുമാസമാണ് ലേണേഴ്സ് കാലാവധി. ലേണേഴ്സ് എടുത്ത് ഒരു മാസം പിന്നിട്ട ശേഷമേ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കൂ.
ആറുമാസ സമയപരിധി കഴിഞ്ഞാൽ രണ്ടാമതും ഫീസ് അടച്ച് ലേണേഴ്സ് റീ ഇഷ്യൂ ചെയ്യണമെന്നതാണ് വ്യവസ്ഥ. 1450 രൂപയാണ് ലേണേഴ്സ് ഫീസ്. റീ ഇഷ്യൂ ചെയ്യുന്നതിന് 300 രൂപയും. സ്തംഭനം അനിശ്ചിതമായി തുടരുന്നതോടെ ഇതെല്ലാം അവതാളത്തിലാവുകയാണ്.
പരമ്പരാഗത ഡ്രൈവിങ് സ്കൂളുകൾക്ക് പകരം അത്യാധുനിക സംവിധാനങ്ങളുള്ള അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്ററുകൾ (ഡി.ടി.സി) ആരംഭിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.
ഡ്രൈവിങ് പരിശീലനച്ചുമതല ഡി.ടി.സിക്ക് നൽകാൻ, മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി 2021 ജൂൺ ഏഴിന് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഡൽഹിയിലും ഗുജറാത്തിലുമടക്കം പ്രാവർത്തികമായ ഈ സംവിധാനം, കേരളത്തിൽ നടപ്പാക്കാൻ നേരത്തെ ശ്രമം നടന്നിരുന്നെങ്കിലും ട്രേഡ്യൂനിയനുകളുടെ എതിർപ്പാണ് തടസ്സമായത്.
ഇവ പൊതു, സഹകരണ മേഖലയിൽ മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്. കേന്ദ്ര വിജ്ഞാപനം അനുസരിച്ച്, ഡ്രൈവിങ് പരിശീലനം, ടെസ്റ്റുകൾ എന്നിവയുടെ സമ്പൂർണ നിയന്ത്രണം ഡി.ടി.സിക്ക് ആയിരിക്കും. ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ലൈസൻസ് ഇഷ്യൂ ചെയ്യേണ്ട ചുമതല മാത്രമാണ് മോട്ടോർ വാഹന വകുപ്പിനുള്ളത്.
അതേസമയം, കോടികൾ മുതൽമുടക്കുള്ള ഡി.ടി.സികൾക്ക് അനുമതി നൽകിയാൽ മോട്ടോർ ഡ്രൈവിങ് സ്കൂളുകൾ ഭൂരിഭാഗവും പൂട്ടിപ്പോകുമെന്ന് ഉടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.