തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് സ്തംഭനം തുടരുന്നതിനിടെ സമരം ചെയ്യുന്ന സംഘടനകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബുധനാഴ്ച മൂന്നിന് മന്ത്രിയുടെ ഓഫിസിലാണ് ചർച്ച. ഫെബ്രുവരിയിൽ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് 13 ദിവസമായി ടെസ്റ്റുകൾ ബഹിഷ്കരിച്ച് സമത്തിലാണ് സംഘടനകൾ. പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് മാറ്റിവെച്ച് മേയ് നാലിന് ഒത്തുതീർപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സംഘടനകൾ അയഞ്ഞിരുന്നില്ല. പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്വന്തമായി വാഹനവുമായി എത്തുന്നവർക്ക് ടെസ്റ്റ് നടത്തുമെന്നായിരുന്നു പിന്നീടുള്ള പ്രഖ്യാപനം. അതും ഫലം കണ്ടില്ല. ഇതിനിടെ സെക്രട്ടേറിയറ്റ് സമരമടക്കം നടത്തി ഡ്രൈവിങ് സ്കൂൾ രംഗത്തെ സംഘടനകൾ നിലപാട് കടുപ്പിച്ചു.
പൊലീസ് സംരക്ഷണയിൽ ടെസ്റ്റിന് മുതിർന്നവർക്ക് നേരെ പ്രതിഷേധവുമുയർത്തി. ടെസ്റ്റുകൾ അനിശ്ചിതമായി മുടങ്ങുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി ചർച്ചക്ക് തയാറായത്. സി.ഐ.ടി.യുവിന്റെ ആവശ്യ പ്രകാരം ഈ മാസം 23ന് എളമരം കരീമുമായി മന്ത്രി ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നു. അതേസമയം, ബുധനാഴ്ചത്തെ ചർച്ചക്കും സി.ഐ.ടി.യുവിന് ക്ഷണമുണ്ട്. സമരത്തിലല്ലെങ്കിലും സി.ഐ.ടി.യു ചർച്ചയിൽ പങ്കെടുക്കും. പ്രതിദിന ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ സംഘടനകൾ ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.