തിരുവനന്തപുരം : യു.ഡി.എഫിന്റെ ധവളപത്രം മല എലിയെ പ്രസവിച്ചപോലെയെന്ന് സാമ്പത്തി ശാസ്ത്രജ്ഞൻ ഡോ. ജോസ് സെബാസ്റ്റ്യൻ. ധവള പത്രത്തിൽ പറയുന്ന കാര്യങ്ങളിൽ ഒരു പുതുമയും ഇല്ല. പത്ര വാർത്തകളിലും ചാനൽ ചർച്ചകളിലും എത്രയോ തവണ ആവർത്തിച്ച കാര്യങ്ങൾ.
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളിലൊന്നമാത്തേത് മതിയാവോളം പൊതുവിഭവങ്ങൾ സമാഹരിക്കുന്നില്ലെന്നതാണ്. പൊതുകാര്യങ്ങൾക്കായി സംഭാവന ചെയ്യാനുള്ള ശേഷിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് സംസ്ഥാനം. സമാഹരിക്കുന്ന തനത് പൊതുവിഭവങ്ങളിൽ 62 ശതമാനവും സമാഹരിക്കുന്നത് ലോട്ടറി, മദ്യം, പെട്രോളിയും ഉത്പന്നങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയിൽനിന്നാണ്. പാവപ്പെട്ടവരും പുറമ്പോക്കിൽ കിടക്കുന്നവരും ഇത്രമാത്രം പൊതുവിഭവങ്ങൾ ഖജനാവിൽ എത്തിക്കുന്ന മറ്റൊരു സംസ്ഥാനം ഇല്ല. ഏറ്റവും പുതിയ റസർവ് ബാങ്കിന്റെ സംസ്ഥാന ധനകാര്യ പഠനം പ്രകാരം 2021-22 ലെ മൊത്തം വരുമാനത്തിന്റെ 80.33 ശതമാനം ശമ്പളം, പെൻഷൻ, പലിശ എന്നിവക്കായി ചെലവഴിക്കുന്നു. ഇത് 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 55.21 ശതമാനമാണ്.
മൊത്തം വരുമാനത്തിന്റെ 61.57 ശതമാനം ശമ്പളവും പെൻഷനും ആയി മാറ്റിവെക്കുന്ന കേരളം ആണ്. ഇക്കാര്യത്തിൽ 17 സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം. പെൻഷന്റെ കാര്യം വരുമ്പോൾ കേരളം മൊത്തം വരുമാനത്തിന്റെ 22.87 ശതമാനം മാറ്റിവെക്കുമ്പോൾ 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 12.22 ശതമാനം മാത്രം. ഇവിടെയും കേരളം ഒന്നാമത്. സത്യത്തിൽ ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം 2021 ലെ ശമ്പള -പെൻഷൻ പരിഷ്കരണം ആണ്. 2020-21 ഇൽ 46671.14 കോടി ആയിരുന്ന ശമ്പള-പെൻഷൻ ചെലവ് 2021-22 ആകുമ്പോൾ 71235.03 ആയി. ധവളപത്രം ഇക്കാര്യം കണ്ടതേയില്ല. കാരണം യു.ഡി.എഫ് സർവീസ് സംഘടനകൾ ഇതിനെ അനുകൂലിക്കുന്നു.
ധവള പത്രം എൽ.ഡി.എഫിന്റെ നയങ്ങളെ നീതികരിച്ചിരിക്കുകയാണ്. അതായത് യു.ഡി.ഫ് പറയുന്നത് കൂടുതൽ കടം വാങ്ങി സർക്കാർ ഉദ്യോഗസ്ഥരുടെ ഏകദേശം 10,000 കോടി വരുന്ന കുടിശ്ശിക കൊടുത്തു അവരുടെ കണ്ണീരു ഒപ്പിയാൽ മതി. അല്ലെങ്കിൽ ജനങ്ങളുടെ മേൽ കൂടുതൽ ഭാരം കയറ്റിവെച്ചു നികുതികൾ വർധിപ്പിക്കണം. ചെലവ് ചുരുക്കുന്നതിനെ കുറിച്ച് എം.എൽ.എമാരുടെ അലവൻസുകൾ കുറക്കണമെന്നോ കോര്പറേഷനുകളുടെ എണ്ണം കുറക്കണമെന്നോ, പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറക്കണമെന്നോ യു.ഡി.എഫിന് അഭിപ്രായം ഇല്ല.ഇക്കാര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് ജോസ് സെബാസ്റ്റ്യന്റെ വിലയരുത്തൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.