കൊച്ചി: നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ ദിവസം രണ്ട് ടാൻസാനിയൻ സ്വദേശികൾ 28 കോടി മൂല്യം വരുന്ന 3745 ഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് നാമറിഞ്ഞത്. വിമാനത്താവളത്തിലെ ഡി.ആർ.ഐയുടെ ‘സുരക്ഷാവേലികൾ’ തകർത്ത് ലഹരി കടത്താൻ അവർക്കായില്ല. ദിവസങ്ങൾക്കു മുമ്പ് ആലുവ റെയിൽവേ സ്റ്റേഷനിൽ ബംഗളൂരു സ്വദേശിയായ യുവതിയിൽനിന്ന് പിടികൂടിയത് ഒരുകിലോ എം.ഡി.എം.എയാണ്. ഫോർട്ട്കൊച്ചിയിൽ ഞായറാഴ്ച യുവാവിൽനിന്ന് കണ്ടെടുത്തത് ആറ് ഗ്രാം എം.ഡി.എം.എ, വെള്ളിയാഴ്ച കൊച്ചി ചക്കരപ്പറമ്പിൽ യുവാവിൽനിന്ന് പിടികൂടിയത് 11 ഗ്രാമിലേറെ എം.ഡി.എം.എ, മരടിൽ യുവാവിനെ പിടികൂടിയത് 7.40 ഗ്രാം എം.ഡി.എം.എയുമായി, എറണാകുളം ടൗൺ ഹാളിന് സമീപം യുവാവിൽനിന്ന് പിടികൂടിയത് 12.977 ഗ്രാം എം.ഡി.എം.എ, മൂവാറ്റുപുഴ വാഴക്കുളത്ത് പൈനാപ്പിൾ എത്തിക്കുന്ന ലോറിയിൽ കടത്തുന്നതിനിടെ കണ്ടെടുത്തത് നാലുഗ്രാം എം.ഡി.എം.എ, കുണ്ടന്നൂരിൽ യുവാവിൽനിന്ന് പിടികൂടിയത് 80 ഗ്രാം എം.ഡി.എം.എ... ഈ ജൂണിനിടെ മാത്രം പിടികൂടിയ എം.ഡി.എം.എ കേസുകളിൽ ചിലതാണിത്. തീർന്നില്ല, കഞ്ചാവും ഹെറോയിനും ഉൾപ്പെടെ മറ്റു മയക്കുമരുന്നുകൾ പിടികൂടിയ സംഭവങ്ങൾ വേറെയുമുണ്ട്.
ആലുവയിൽ 12 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പിടിയിലായത് രണ്ടാഴ്ച മുമ്പാണ്. അതിനും രണ്ടുദിവസം മുമ്പ് കാക്കനാട്ടുവെച്ച് വേറെ രണ്ട് ഒഡിഷ സ്വദേശികളും 12 കിലോ കഞ്ചാവുമായി പിടിയിലായി. പെരുമ്പാവൂരിൽ ഒഡിഷ സ്വദേശിയിൽനിന്ന് പിടികൂടിയത് രണ്ടേകാൽ കിലോ കഞ്ചാവ്, വരാപ്പുഴയിൽ അസം സ്വദേശിയിൽനിന്ന് എക്സൈസ് പിടികൂടിയത് 6.38 ഗ്രാം ഹെറോയിനും 60 ഗ്രാം കഞ്ചാവും കാലടിയിൽ പശ്ചിമബംഗാൾ സ്വദേശിയിൽനിന്ന് കണ്ടെടുത്തത് ഒന്നരക്കിലോ കഞ്ചാവ്, പെരുമ്പാവൂരിൽ ഒഡിഷ സ്വദേശിയിൽനിന്ന് പിടികൂടിയത് അരക്കിലോ കഞ്ചാവ്... ഈ മാസത്തെ കഞ്ചാവ് വേട്ടകളും തീരുന്നില്ല.
ഇതിനിടെ ഒരാഴ്ച മുമ്പ് 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനിയും അസം സ്വദേശിയും പിടിയിലായി. സ്ഥിരം മയക്കുമരുന്ന് കടത്തലുകാരായ ഇവരിലെ പെൺകുട്ടി ബംഗാളി ബീവി എന്ന പേരിൽ കുപ്രസിദ്ധയായിരുന്നു. എം.ഡി.എം.എ, നൈട്രോസെപാം, എൽ.എസ്.ഡി, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, കഞ്ചാവ്... കൊച്ചി നഗരവും ജില്ലയുടെ പല മേഖലകളും ലഹരി മാഫിയയുടെ പിടിയിലമരുന്നു. ഒരുവശത്ത് പൊലീസും എക്സൈസും പരിശോധനകളും ലഹരിവേട്ടയും ശക്തമാക്കുമ്പോൾ, മറുവശത്ത് ലഹരി സംഘങ്ങൾ കൂണുപോലെ മുളച്ചുപൊന്തുകയാണ്. നിത്യേനയെന്നോണം ലഹരി വേട്ടകൾ ജില്ലയുടെ പലഭാഗങ്ങളിലും നടക്കുന്നുമുണ്ട്. സംസ്ഥാനത്ത് ലഹരി വിരുദ്ധ ബോധവത്കരണം ശക്തമാക്കുമ്പോഴും ഉപയോഗം വർധിച്ചു വരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ ശ്യാംസുന്ദർ ഒരു പരിപാടിക്കിടെ തുറന്നുപറഞ്ഞത് ഞായറാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.