മദ്യപിച്ച് ഡ്യൂട്ടി: ദേവസ്വം ജീവനക്കാരെ തിരിച്ചെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി

കൊച്ചി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് സസ്പെൻഡ് ചെയ്ത ദേവസ്വം ജീവനക്കാരെ മതിയായ ശിക്ഷ ഉറപ്പാക്കാതെ തിരിച്ചെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി. എങ്ങനെയാണ് ഇവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനായതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.

ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡും ബോർഡ് ചീഫ് വിജിലൻസ് ഓഫിസറും 10 ദിവസത്തിനകം സത്യവാങ്മൂലം നൽകണം. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ജീവനക്കാരൻ മദ്യപിച്ചു ബഹളമുണ്ടാക്കിയ സംഭവത്തെ തുടർന്ന് സ്വമേധയാ എടുത്ത ഹരജിയിലാണ് ഉത്തരവ്. അതേസമയം, എറണാകുളത്തപ്പൻ ക്ഷേത്രത്തിന്‍റെ പേരിൽ ക്ഷേത്രക്ഷേമ സമിതി വെബ്സൈറ്റ് ഉണ്ടാക്കിയതും സംഭാവന പിരിക്കുന്നതും മുൻകൂർ അനുമതിയില്ലാതെയാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

മദ്യപിച്ചെത്തിയതിന് സസ്പെൻഷനിലായ ജീവനക്കാരുടെ വിശദാംശങ്ങൾ ഹൈകോടതി നിർദേശപ്രകാരം ദേവസ്വം ബോർഡ് കൈമാറിയിരുന്നു. ഇവരിൽ ചിലർക്കെതിരെ വിജിലൻസ് ശിപാർശ ചെയ്ത ശിക്ഷാ നടപടി ഒഴിവാക്കി ബോർഡ് ഉദാര നിലപാട് സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്. അതേസമയം, വഴിപാടുകൾക്കു വേണ്ടിയല്ല പണം പിരിച്ചതെന്നും ഉത്സവം നടത്തിപ്പിനുള്ള സംഭാവനയെന്ന തരത്തിലാണ് ഭക്തരിൽനിന്ന് പണം വാങ്ങിയതെന്നുമാണ് ക്ഷേത്ര ക്ഷേമസമിതി മറുപടി നൽകിയിരിക്കുന്നത്. ഇങ്ങനെ പിരിക്കണമെങ്കിലും ബോർഡിന്‍റെ സീൽഡ് കൂപ്പൺ ഉപയോഗിക്കണമെന്ന് കോടതി പറഞ്ഞു.

2018-19 മുതൽ ക്ഷേമ സമിതി 39 ലക്ഷം നൽകാനുണ്ടെന്നും പിഴപ്പലിശ സഹിതം തുക ലഭിക്കണമെന്നും ബോർഡ് വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ടോയെയെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. ക്ഷേത്രത്തിലെ സർപ്പബലിയെക്കുറിച്ച് ഭക്തൻ കോടതിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡിനും ക്ഷേത്രക്ഷേമ സമിതിക്കും സർക്കാർ അഭിഭാഷകനും നൽകി. ആളെ തിരിച്ചറിയാതിരിക്കാൻ പരാതിയുടെ ടൈപ്പ് ചെയ്ത പകർപ്പാണ് നൽകിയത്. ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കും. 

Tags:    
News Summary - Drunken Duty: High Court Expresses Displeasure With Devaswom Employees' Reinstatement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.