representational image

28.91 കോടി രൂപ കുടിശ്ശിക; തൃശൂർ നഗരത്തിൽ കുടിവെള്ള വിതരണം നിർത്തുമെന്ന് ജല അതോറിറ്റി

തൃശൂര്‍: കുടിവെള്ളം നൽകിയ വകയിൽ 28.91 കോടി രൂപ കുടിശ്ശികയായെന്നും നിരന്തരം നൽകിയ നോട്ടിസുകളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ തൃശൂർ കോർപറേഷനുള്ള കുടിവെള്ള വിതരണം ഒക്ടോബർ ഒന്ന് മുതൽ നിർത്തുമെന്നും ജല അതോറിറ്റി. ഇക്കാര്യം കാണിച്ച് അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് നോട്ടിസ് നൽകി. ഇക്കാര്യം മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിനും നൽകി.

ബള്‍ക്ക് വാട്ടര്‍ സപ്ലൈ, പൊതുടാപ്പുകള്‍ എന്നീ ഇനങ്ങളിലാണ് കുടിശ്ശികയുള്ളത്. കുടിശ്ശിക സംബന്ധിച്ച് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ 2021 ഫെബ്രുവരിയില്‍ കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. റവന്യൂ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ഇത് വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് ജല വിതരണം നിർത്താനുള്ള കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

സംസ്ഥാനത്ത് കുടിവെള്ളവും വൈദ്യുതിയും വിതരണം ചെയ്യുന്ന ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. പീച്ചിയിൽനിന്നും കരുവന്നൂർ പുഴയിൽനിന്നുമടക്കം വെള്ളം എത്തിക്കാൻ കോടികളാണ് കോർപറേഷൻ മുടക്കിയിട്ടുള്ളത്.

പീച്ചി പ്ലാന്‍റ് നവീകരണം പൂർത്തിയാക്കി മാസങ്ങളെ ആയിട്ടുള്ളൂ. ജല അതോറിറ്റി ഏകപക്ഷീയമായി നിരക്ക് വര്‍ധിപ്പിച്ചതാണ് തുക കുടിശ്ശികയാവാൻ കാരണമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്.

കുടിവെള്ളം വിതരണം ചെയ്യുന്ന ഏജൻസിയെന്ന പരിഗണന നൽകാതെയാണ് നിരക്ക് നിശ്ചയിച്ചത്. പൈപ്പിടൽ മുതൽ പരിപാലനം വരെ കോർപറേഷനാണ് നിർവഹിക്കുന്നത്.

മുമ്പ് സർക്കാർ തലത്തിൽ നടത്തിയ ചർച്ചയിൽ ഉൽപാദന ചെലവിന്‍റെ 16 ശതമാനം തുക നല്‍കാനാണ് അതോറിറ്റിയുമായി കോർപറേഷൻ ധാരണ ഉണ്ടാക്കിയിരുന്നത്. 2014 വരെ ഈ രീതിയില്‍ ആറ് ലക്ഷം രൂപ കോര്‍പറേഷന്‍ നല്‍കിയിരുന്നു. എന്നാൽ 2014ല്‍ നിരക്ക് വര്‍ധിപ്പിക്കുകയും 34 ലക്ഷം രൂപ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതിസന്ധിയിലായത്.

ദിവസം 200 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന ഉപഭോക്താവായി മാത്രമാണ് അതോറിറ്റി കോര്‍പറേഷനെ കാണുന്നത്. കോർപറേഷൻ ഇത് ജനങ്ങൾക്കും ആശുപത്രികൾ അടക്കമുള്ളവക്കും നൽകുകയാണ്.

കുടിവെള്ള വിതരണം ഒരു ദിവസമെങ്കിലും പൂർണമായി നിർത്തിവെച്ചാൽ പോലും നഗരത്തിൽ സ്ഥിതി രൂക്ഷമാകും. അത്തരം സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രിമാരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കോര്‍പറേഷന്‍ വൃത്തങ്ങൾ പറയുന്നു.

Tags:    
News Summary - dues-Water authority to stop drinking water supply in Thrissur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.