കോവിഡ് കാലത്ത് മോൻസൺ മീൻ വാങ്ങാൻ പോയത് ഡി.ഐ.ജിയുടെ കാറിൽ

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ മുഖ്യപ്രതിയായ മോൻസൺ മാവുങ്കലും ഐ.ജി ലക്ഷ്മണ, ഡി.ഐ.ജി സുരേന്ദ്രൻ അടക്കമുള്ള ഉന്നത പൊലീസ് വൃത്തങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൺ പൊലീസ് വാഹനം സ്വകാര്യ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്തതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നത്. കോവിഡ് കാലത്ത് മോൻസണിന്റെ വീട്ടിൽ തേങ്ങയും മീനും കൊണ്ടുവന്നിരുന്നത് ഡി.ഐ.ജിയുടെ കാറിലായിരുന്നുവെന്ന് മോസൻണിന്റെ മുൻ ഡ്രൈവർ ജൈസൺ വെളിപ്പെടുത്തി.

ജൈസൺ വാട്‌സ്ആപ്പിലടക്കം ഒരു പരാതിക്കാരനോട് വെളിപ്പെടുത്തിയതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2020ൽ കോവിഡ് കാലത്ത് മോൻസൺ ഡി.ഐ.ജി സുരേന്ദ്രന്റെ കാർ പലതവണ ഉപയോഗിച്ചുവെന്നാണ് മുൻ ഡ്രൈവർ ശബ്ദസന്ദേശത്തിൽ വെ‌ളിപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വാഹനങ്ങൾ പുറത്തിറക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതിനാലാണ് ഡി.ഐ.ജിയുടെ വാഹനം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചത്. ആലപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിൽ പലതവണ പൊലീസ് വാഹനത്തിൽ പോയി. ഇതിനു പുറമെ മീനും തേങ്ങയുമെല്ലാം വാങ്ങാനുമായി പുറത്തുപോയിരുന്നത് ഡി.ഐ.ജിയുടെ ഇന്നോവ കാറിലായിരുന്നു.

ഡി.ഐ.ജിയുടെ ഡ്രൈവറായ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഈ ആവശ്യങ്ങൾക്കായി മോൻസണെയും അയാളുടെ ജീവനക്കാരനെയും ഈ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയിരുന്നതും. തട്ടിപ്പുകേസിൽ കുറ്റാരോപിതനായ ഐ.ജി ലക്ഷ്മണയും കോവിഡ് കാലത്ത് മോൻസണിനെ വഴിവിട്ടു സഹായിച്ചതായും വെളിപ്പെടുത്തലുണ്ട്. ലോക്ഡൗണിൽ ലക്ഷ്മണ അനുവദിച്ച യാത്രാപാസ് ആയിരുന്നു മോൻസണും ജീവനക്കാരും ഉപയോഗിച്ചിരുന്നത്. കോവിഡിൽ പുറത്തിറങ്ങാൻ വിലക്കുള്ളതിനു പുറമെ ഇൻഷുറൻസ് കാലാവധി തീർന്നതും ആർ.സി ബുക്ക് ശരിയല്ലാത്തതുമായ വാഹനങ്ങളായിരുന്നു മോൻസണിന്റേത്. ആ സമയത്താണ് ഐ.ജി ഒരു ലെറ്റർപാഡിൽ പ്രത്യേകമായി ഒപ്പിട്ടുനൽകിയ പാസ് നൽകിയത്. ലക്ഷ്മണ നിലവിൽ സസ്‌പെൻഷനിലാണ്. കഴിഞ്ഞ ദിവസമാണ് സസ്‌പെൻഷൻ കാലാവധി നീട്ടി സർക്കാർ ഉത്തരവായത്.

Tags:    
News Summary - During the Covid period, Monson mavunkal went to buy fish in DIG's car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.