തൃശൂർ: കോവിഡ് കാലത്ത് മേയറും സംഘവും ഹൈദരാബാദിലെ മാലിന്യ പ്ലാൻറ് സന്ദർശിക്കുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കാൻ പോകുന്ന പ്ലാൻറ് കാണാനാണ് മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയും കൗൺസിലർമാരും അടങ്ങുന്ന അടങ്ങുന്ന 16 പേർ ഹൈദരാബാദിലേക്ക് വിമാനം വഴി യാത്ര തിരിച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ മൈസൂർ, സൂറത്ത് എന്നിവിടങ്ങളിലേക്ക് കോർപറേഷൻ പണം ഉപയോഗിച്ച് പ്ലാൻറുകൾ കാണാൻ പോയെങ്കിലും പദ്ധതി നടന്നില്ല.
മുളയത്ത് വില കൊടുത്തു വാങ്ങുന്ന സ്ഥലത്ത് മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനാണ് മേയറും സംഘവും ഹൈദരാബാദിലേക്ക് തിരിച്ചത്. നിർദിഷ്ട സ്ഥലത്ത് മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജൻ മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. മാത്രവുമല്ല, പ്രാദേശികമായി വലിയ എതിർപ്പും ഉയർന്നിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ധിറുതി പിടിച്ചുള്ള ഹൈദരാബാദ് യാത്രയെന്നാണ് ആക്ഷേപം.
കോവിഡ് കാലത്ത് 16 പേരടങ്ങുന്ന സംഘത്തിന് ലക്ഷങ്ങൾ ചെലവാക്കി പ്ലാൻറ് കാണാൻ പോകുന്ന സാഹചര്യമാണോ നിലനിൽക്കുന്നത് എന്ന് ഭരണനേതൃത്വം പരിഗണിക്കാതെ പോയത് ഖേദകരമാണെന്ന് കെ.പി.സി.സി സെക്രട്ടറിയും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ പറഞ്ഞു. കൗൺസിൽ അനുമതി വാങ്ങിയിട്ടോ അറിയിച്ചിട്ടോ അല്ല മേയറുടെ നേതൃത്വത്തിലുള്ള യാത്ര. യാത്രാചെലവും പോകുന്നവരുടെ വിവരങ്ങളടങ്ങിയ ഫയലും കൗൺസിൽ കണ്ടിട്ടില്ലെന്നും ജനം ബുദ്ധിമുട്ടുമ്പോൾ മേയറുടെ നേതൃത്വത്തിലുള്ള യാത്ര അനവസരത്തിലാണെന്നും ജോൺ ഡാനിയേൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.