താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. രാജീവ് സമീപം. 

ദേശീയ ദുഃഖാചരണത്തിനിടെ മുഖ്യമന്ത്രി ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവ് -വി.ഡി സതീശൻ

കൊച്ചി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത്​​ അദ്ദേഹത്തോടുള്ള അനാദരവും അനൗചിത്യവുമാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. കേരളത്തിന്‍റെ മുഖ്യമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി മാറ്റിവെക്കണമെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കണമെന്നും വിമാനത്താവളം എം.ഡിയോട് ആവശ്യപ്പെട്ടിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അനാദരവ് ഉണ്ടായതില്‍ ദുഃഖവും പ്രതിഷേധവും അറിയിക്കുന്നതായും വി.ഡി സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കെ കൊച്ചി വിമാനത്താവളത്തിന്‍റെ (സിയാൽ) പുതിയ സംരംഭമായ താജ് പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഔപചാരികമായി നടത്തിയ ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു.

പരിപാടിയിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, ഐ. എച്ച്.സി.എൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു, ഐ.എച്ച്.സി.എൽ സീനിയർ വൈസ് പ്രസിഡന്റ് സത്യജിത് കൃഷ്ണൻ, സിയാൽ ഡയറക്ടർമാരായ, എൻ.വി. ജോർജ്, ഡോ.പി. മുഹമ്മദലി, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, ജയരാജൻ. വി, സി.എഫ്.ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി. മനു, സിയാൽ ജനറൽ മാനേജർ രാജേന്ദ്രൻ ടി. എന്നിവരും പങ്കെടുത്തു.

ഡിസംബർ 26 വ്യാഴാഴ്ച രാത്രി 9.51ന് ഡൽഹി എയിംസിലായിരുന്നു മൻമോഹൻ സിങ്ങിന്‍റെ അന്ത്യം. ഇതിന് പിന്നാലെയാണ് ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ ഏഴ് ദിവസത്തെ ദുഃഖാചരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ദുഃഖാചരണ ദിവസങ്ങളിൽ ഔദ്യോഗിക പരിപാടികൾ നടത്താൻ പാടില്ല. കൂടാതെ, ദേശീയപതാക പകുതി താഴ്ത്തി കെട്ടണമെന്നും സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

അതേസമയം, എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത്​ രണ്ട്​ ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ്​ ദുഃഖാചരണം. വ്യാഴാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കുകയും ചെയ്തു. മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന താലൂക്ക്​ അദാലത്തുകളും മാറ്റി​. സംസ്ഥാന സ്കൂൾ കലോത്സവ പന്തലിന്‍റെ കാൽ നാട്ടു​കർമവും മാറ്റിവെച്ചിരുന്നു.

Tags:    
News Summary - During the National Mourning, Chief Minister inaugurated the official program with disrespect - V.D Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.