സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി  കാണാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ


കൊച്ചി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണാനാവില്ളെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടക്കുന്ന പത്താം അഖിലേന്ത്യാസമ്മേളനമാണ് പ്രമേയം അംഗീകരിച്ചത്. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രമേയത്തില്‍ ഓരോ പൗരനും ലൈംഗികതാല്‍പര്യം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കുന്നു. 

നിഴല്‍പറ്റിയും രാത്രിയുടെ മറവിലും സ്വവര്‍ഗാനുരാഗികളായി ജീവിക്കുന്ന നിരവധി യുവാക്കളുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ ജനാധിപത്യവിരുദ്ധ സമീപനത്തിന് മാറ്റമുണ്ടാക്കാന്‍ ഡി.വൈ.എഫ്.ഐ കാമ്പയിനുകള്‍ ഏറ്റെടുക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. സര്‍ക്കാര്‍ മേഖലയിലെ സംവരണം സ്വകാര്യമേഖലയില്‍ കൂടി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരണം. ഭരണഘടന ഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം നടപ്പാക്കണം. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ സംവരണാനുകൂല്യങ്ങള്‍ വലിയതോതിലാണ് നഷ്ടപ്പെടുന്നതെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എം.ബി. രാജേഷ് എം.പി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റ് യുവജന സംഘടനകള്‍ പ്രത്യേകിച്ച്, യുവമോര്‍ച്ച നിലപാട് വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. 

സംവരണം തന്നെ നിര്‍ത്തലാക്കണമെന്ന ആര്‍.എസ്.എസിന്‍െറ നിലപാടിനോട് സി.കെ. ജാനു ഉള്‍പ്പെടെയുള്ളവര്‍ മറുപടി പറയണം. ഐ.ഐ.ടി ഉള്‍പ്പെടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതീയമായ വിവേചനങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഹിത് ആക്ട് ഉടന്‍ പാസാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനവിരുദ്ധ ബജറ്റിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയവും സമ്മേളനം പാസാക്കി. 
 

Tags:    
News Summary - DYFI supports homosexuality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.