കിളിമാനൂർ: ഒന്നാം ക്ലാസുകാരിയായ മകളെ സ്കൂളിന് മുന്നിലിറക്കിയശേഷം കാർ തിരിക്കാൻ ശ്രമിച്ച പിതാവിനെ അതുവഴിയെത്തിയ ഡിവൈ.എസ്.പി കൈയേറ്റംചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടി നിലവിളിച്ചെങ്കിലും ഇത് കൂട്ടാക്കാതെ പിതാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടി വൈകീട്ട് പിതാവ് വിളിക്കാൻ വരുംവരെ ക്ലാസിലിരുന്ന് കരഞ്ഞു.
ചൊവ്വാഴ്ച രാവിലെ 8.45ഓടെ സംസ്ഥാനപാതയിൽ പൊരുന്തമൺ എം.ജി.എം സ്കൂളിന് മുന്നിലായിരുന്നു സംഭവം. അടയമൺ വയ്യാറ്റിൻകര സ്വദേശി സുഭാഷിനെയാണ് പുനലൂർ ഡിവൈ.എസ്.പി കൈയേറ്റം ചെയ്തത്. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്ച പരാതി നൽകുമെന്ന് സുഭാഷ് അറിയിച്ചു.
ഡിവൈ.എസ്. പുനലൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ടാറ്റാ സുമോ കാറിൽ വരികയായിരുന്നു. പൊലീസ് ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്. സുഭാഷ് കാർ തിരിക്കാൻ ശ്രമിക്കവേ ഡിവൈ.എസ്.പിയുടെ വാഹനം അമിതവേഗത്തിൽ അടുത്തെത്തി. ഇതുകണ്ട സുഭാഷ് തെൻറ കാർ നിർത്തി.
വാഹനങ്ങൾ കൂട്ടിമുട്ടിയില്ലെങ്കിലും ഡിവൈ.എസ്.പി പുറത്തിറങ്ങി സുഭാഷിനെ ൈകെയേറ്റം ചെയ്യുകയായിരുന്നത്രെ. മകൾ ഉറക്കെ നിലവിളിച്ചെങ്കിലും വകവെക്കാതെ സുഭാഷിനെ കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വഴിയിൽനിന്ന് കരഞ്ഞ കുട്ടിയെ കൂട്ടുകാരാണ് ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സുഭാഷിനെതിരെ കേസെടുപ്പിച്ച ശേഷമാണ് ഡിവൈ.എസ്.പി മടങ്ങിയത്.
പിന്നീട് സുഭാഷിന് ജാമ്യംനൽകി. ഡിവൈ.എസ്.പിയുടെ രേഖാമൂലമുള്ള പരാതിയില്ലാതെയാണ് കേസെടുത്തതെന്ന് സുഭാഷ് പറഞ്ഞു. അതേസമയം, സുഭാഷ് ഗുരുതര ട്രാഫിക് നിയമലംഘനം നടത്തിയതായി കിളിമാനൂർ സി.ഐ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.