പൊന്നാനി: സംസ്ഥാനത്ത് നടപ്പാക്കാൻ ഒരുങ്ങുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി ഡെൽഹി മെട്രോ മുൻ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമാകില്ലെന്നും പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആസൂത്രണത്തിലെ ഗുരുതര പിഴവുകൾ അറിവില്ലായ്മ കൊണ്ടാകാം. പുനരാസൂത്രണം വേണം. മികച്ച പദ്ധതിയെങ്കിൽ കൂടെ നിൽക്കുമായിരുന്നു. പദ്ധതി നിശ്ചിത കാലയളവിൽ പൂർത്തീകരിക്കാനാകില്ല. പദ്ധതിയിൽ തന്‍റെ അഭിപ്രായം തേടിയിട്ടില്ല. എന്നുമാത്രമല്ല, ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്' -അദ്ദേഹം ആരോപിച്ചു.
'ഒരു റെയിൽവേ പാത കൂടി കേരളത്തിന് വേണം എന്ന ബോധ്യമുള്ളയാളാണ് ഞാൻ. എന്നാൽ ഈ സമയത്തല്ല അതു വേണ്ടത്. മൂന്നോ നാലോ കൊല്ലം നമ്മൾ കാത്തിരിക്കണം. വല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. കേരളം വല്ലാതെ ബുദ്ധിമുട്ടുകയാണ്. ശമ്പളം കൊടുക്കാൻ പോലും പണമില്ല.
തെറ്റായ ആശയത്തെ മോശം പദ്ധതിയാക്കി പരിതാപകരമായ രീതിയിൽ ആസൂത്രണം ചെയ്തതാണ് കെ. റെയിൽ. ശരിയായ രീതിയിൽ ഒരു പദ്ധതി വിഭാവനം ചെയ്തിരുന്നുവെങ്കിൽ അതിനൊപ്പം ഞാൻ നിന്നേനെ. ചതുപ്പുനിലങ്ങളിലൂടെയാണ് പദ്ധതി പോകുന്നത്. ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിക്കുകയും വേണം.
പദ്ധതി ചെലവ് എസ്റ്റിമേറ്റ് ചുരുക്കിക്കാണിച്ച് എങ്ങനെയെങ്കിലും അനുമതി വാങ്ങാനുള്ള തന്ത്രമാണ് പയറ്റുന്നത്. ശരിയായ രീതിയിൽ പണനം നടത്തി, പണം സമാഹരിച്ച് പ്രാപ്തരായ ആളുകളെ ചുമതലപ്പെടുത്തി വേണം നടത്താൻ. ടെക്നിക്കലായി ഒരുപാട് പ്രശ്നങ്ങൾ വരുത്തിയിട്ടുണ്ട്. 150 കിലോമീറ്ററോളം പാടത്തുകൂടെയാണ് പോകുന്നത്. റെയിൽവെ ലെയിൻ പാടത്തുകൂടി പോയാൽ പാലം താഴ്ന്ന് പോകും. ഹൈസ്‌പീഡ് റെയിൽ എന്നുപറഞ്ഞിട്ട് ഇതിലൂടെ 80 കി.മീ സ്പീഡിൽ പോലും പോകാനാവില്ല' -അദ്ദേഹം വ്യക്തമാക്കി.
അതിനിെട, രാഷ്ട്രീയത്തിൽ താൻ ഇനി സജീവമായി ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എനിക്ക് വയസ്സ് 90 ആയി. ഈ വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. എന്നാല്‍ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ആദ്യം നിരാശ തോന്നിയിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ തോറ്റതിൽ നിരാശയില്ല. ഞാൻ എംഎല്‍എയായി വന്നത് കൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. അധികാരം കിട്ടാതെ ഒരു എംഎല്‍എയെക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല' -കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച് തോറ്റ ഇ. ശ്രീധരൻ പറഞ്ഞു.
കെ-റെയില്‍ സില്‍വല്‍ ലൈന്‍ പദ്ധതി പമ്പരവിഡ്‌ഢിത്തമാണെന്ന് നേരത്തെ തന്നെ ശ്രീധരൻ അഭിപ്രായപ്പെട്ടിരുന്നു. തിരൂര്‍ മുതല്‍ കാസർകോട് വരെ ഇപ്പോഴുള്ള റെയില്‍പാതയ്‌ക്കു സമാന്തരമായാണ് കെ-റെയിലിന്‍റെ ട്രാക്ക് വിഭാവനം ചെയ്‌തിരിക്കുന്നത്. നിലവിലുള്ള റെയില്‍പാത നാലുവരിയാക്കാന്‍ തടസമാകുമെന്നതിനാല്‍ റെയില്‍വേ ഇത് അംഗീകരിക്കില്ല. പാടശേഖരത്തിലൂടെയാണ് കെ-റെയില്‍ കടന്നുപോകുന്നത്. പാടം നികത്തിയെടുത്ത ഭൂമി അതിവേഗ റെയില്‍വേപ്പാതയ്‌ക്കു യോജിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ അന്തിമമായി ലൊക്കേഷന്‍ സര്‍വേ നടത്തിയിട്ടില്ല. ഗൂഗിള്‍ മാപ്പും ലിഡാര്‍ സര്‍വേയും അടിസ്ഥാനമാക്കി അനാവശ്യ തിടുക്കത്തിലാണ് ഭൂമി ഏറ്റെടുക്കലിന് തുനിഞ്ഞിരിക്കുന്നത്. അന്തിമമായി ലൊക്കേഷന്‍ സര്‍വേ നടത്തുമ്പോള്‍ അലൈന്‍മെന്‍റില്‍ ധാരാളം മാറ്റങ്ങളുണ്ടാകും. ഏറ്റെടുക്കുന്ന ഭൂമിയുടെ പകുതിയോളം പാഴാകും.
ട്രാഫിക് സര്‍വേ, ഭൗമസാങ്കേതിക സര്‍വേ, പരിസ്ഥിതി പഠനം, സാമൂഹിക പഠനം എന്നിവയൊന്നും സില്‍വര്‍ ലൈനില്‍ ഇതുവരെ നടന്നിട്ടില്ല. ഊഹങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സില്‍വര്‍ ലൈനിന്‍റെ പദ്ധതി ഉണ്ടാക്കിയിരിക്കുന്നത്. പ്രതീക്ഷിക്കുന്ന ചെലവ്, യാത്രക്കാരുടെ എണ്ണം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ വിശ്വസനീയമല്ല. വിശദമായ പദ്ധതിരേഖ പുറത്തുവിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
വടക്കുനിന്നു തെക്കോട്ട് കേരളത്തെ രണ്ടായി വിഭജിക്കുന്ന മതിലായി കെ. റെയിൽ മാറും. കെ-റെയിലിലേക്ക് ആളുകൾ കടക്കാതിരിക്കാന്‍ കൂറ്റന്‍ മതിലുകള്‍ പണിയേണ്ടിവരും. ഇതു ചൈനയിലെ വന്‍മതില്‍ പോലെയാകും. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടഞ്ഞുപോകും. സില്‍വര്‍ ലൈന്‍ നിലവിലുള്ള റെയില്‍പാതയില്‍ നിന്നു വളരെ അകലെയാകണം. അത് ഒന്നുകില്‍ ആകാശപ്പാതയാകണം. അല്ലെങ്കില്‍ ഭൂമിക്കടിയിലൂടെയാകണം. ലോകത്തെവിടെയും ഹൈസ്‌പീഡ്-സെമി ഹൈസ്‌പീഡ് റെയില്‍പാതകള്‍ ഭൂനിരപ്പിലൂടെ പോകുന്നില്ല.
സില്‍വര്‍ ലൈനിന്‍റെ സാങ്കേതിക കാര്യങ്ങള്‍ക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. നിലവിലുള്ള റെയില്‍പ്പാതയുടെ മൂന്ന്, നാല് ലൈനുകളായി നിര്‍ദിഷ്‌ട സില്‍വര്‍ ലൈന്‍ പാത പ്രവര്‍ത്തിക്കണമെന്നാണ് അവരുടെ താല്‍പ്പര്യം. എന്നാൽ, റെയില്‍വേയിൽ ബ്രോഡ്‌ഗേജ് പാതകളാണ് ഉപയോഗിക്കുന്നത്. സില്‍വര്‍ ലൈനിലാകട്ടെ, സ്‌റ്റാന്‍ഡേഡ് ഗേജും. ഇവ രണ്ടും തമ്മില്‍ യോജിക്കില്ല.
വരുമാനം കൂട്ടാൻ രാത്രിസമയത്തു സില്‍വര്‍ ലൈനില്‍ റോ-റോ സര്‍വിസ് നടത്തുമെന്നാണു പറയുന്നത്. രാത്രികളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതിനാല്‍ ഇതു പ്രായോഗികമല്ല.
സില്‍വര്‍ ലൈനിന്‍റെ ചെലവ് വളരെ കുറച്ചാണ് കാണിക്കുന്നത്. ആ നിലവാരത്തിലുള്ള ഹൈസ്‌പീഡ് പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കില്ല. പൊതുജനങ്ങളില്‍നിന്നു മാത്രമല്ല റെയില്‍വേ വിദഗ്‌ധരും പരിസ്ഥിതിവാദികളുമെല്ലാം കെ-റെയില്‍ പദ്ധതിക്കെതിരാണ്.
സില്‍വര്‍ ലൈനിന് ഇപ്പോള്‍ 75,000 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഇത് 1.1 ലക്ഷം കോടി വരെയാകും. മണിക്കൂറില്‍ 180 കി.മീ. പരമാവധി വേഗമുള്ള ഡല്‍ഹി റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് (ആര്‍.ആര്‍.ടി.എസ്) അടിസ്‌ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.
20,000 കുടുംബങ്ങളെയെങ്കിലും ഒഴിപ്പിക്കേണ്ടിവരും. ഭൂമിയോടു വലിയ താല്‍പ്പര്യമുള്ള കേരള സമൂഹം ഇത് അംഗീകരിക്കില്ല. 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് വാദിക്കുന്നത് നിര്‍വഹണ ഏജന്‍സിയായ കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ അറിവില്ലായ്‌മയാണു വ്യക്തമാക്കുന്നത്. ഈ രംഗത്തെ ഏറ്റവും മികച്ച ഏജന്‍സിയായ ഡിഎംആര്‍സിക്ക് പോലും പൂര്‍ത്തിയാക്കാന്‍ എട്ടു മുതല്‍ 10 വര്‍ഷം വരെ വേണ്ടിവരും.
കേന്ദ്ര സര്‍ക്കാരും റെയില്‍മന്ത്രാലയവും ഈ പദ്ധതിയെ അനുകൂലിക്കില്ല. തെറ്റായ വാഗ്‌ദാനങ്ങളും കൃത്യതയില്ലാത്ത കണക്കുകളും യാഥാര്‍ഥ്യബോധമില്ലാത്ത നിര്‍മാണ ഷെഡ്യൂളും പിഴവുകളുള്ള സാങ്കേതിക കാര്യങ്ങളുമുള്ള പദ്ധതിക്കു ബിജെപിയും എതിരാണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളം 1.1 ലക്ഷം കോടി രൂപ എവിടെനിന്നു കണ്ടെത്തും? ഇതു ലാഭകരമാകില്ല. സില്‍വര്‍ ലൈനിന്റെ മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്നു വാഗ്‌ദാനം ചെയ്‌ത് റെയില്‍വേ ബോര്‍ഡിനെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ പൂര്‍ണമായും തെറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.