കൊച്ചി: ‘വേദനയോടെയാണ് ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് പിന്മാറുന്നത്. പദ്ധതി അനിശ്ചിതമായി നീട്ടിയത് ഡൽഹി മെട്രോ റെയിൽ കോർപറേഷന്(ഡി.എം.ആർ.സി) വൻ നഷ്ടമാണ് ഉണ്ടാക്കിയത്. മൂന്നുമാസം ശ്രമിച്ചിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല’; ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ സർക്കാറിനെതിരെ ആഞ്ഞടിച്ച് രംഗത്ത്.
പ്രാരംഭ പ്രവർത്തനം ആരംഭിക്കാൻ ഉത്തരവ് പുറത്തിറക്കി 15 മാസം പിന്നിട്ടിട്ടും കരാർ ഒപ്പുെവക്കാതെ സർക്കാർ മുന്നോട്ടുപോയ സാഹചര്യത്തിലാണ് പദ്ധതിയിൽനിന്ന് ഡി.എം.ആർ.സി പിന്മാറുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗമാസം 15ഓടെ ഡി.എം.ആർ.സിയുടെ തിരുവനന്തപുരം, കോഴിക്കോട് ഓഫിസുകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും.
2016 ഡിസംബറിൽ തിരുവനന്തപുരത്തെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കരട് ഉടമ്പടി സമർപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും കണ്ടെങ്കിലും ശരിയാക്കാം എന്നുമാത്രമായിരുന്നു മറുപടി. 2017 മേയിൽ പിന്മാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് മൂന്നുമാസമായെങ്കിലും അനുമതി ലഭിച്ചില്ല.
കരാർ കാലാവധി കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല. ഇതുവരെ ഒരു കരാറുമില്ല. താന്‍ ഉള്ളതുകൊണ്ടാണ് കേരളത്തിലെ ജോലികള്‍ ഡി.എം.ആര്.സി ഏറ്റെടുത്തത്. തനിക്ക് 86 വയസ്സായി. ഇനി പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും ശ്രീധരൻ വ്യക്തമാക്കി. കേരളത്തിൽ ഡി.എം.ആർ.സി ചെയ്ത എല്ലാ ജോലികളും പൂർത്തിയാക്കിയത്് എസ്റ്റിമേറ്റ് തുകെയക്കാൾ കുറച്ചാണ്. ലൈറ്റ് മെേട്രായാണെങ്കിലും അങ്ങനെതന്നെയെ ചെയ്യുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിൻെറ ഇഷ്ടക്കേടിന് പിന്നിൽ തലശ്ശേരി-മൈസൂരു റെയിൽപാത
സർക്കാറിന് ഡി.എം.ആർ.സിയോട് ഇഷ്ടക്കേടുണ്ടായത് തലശ്ശേരി-മൈസൂരു റെയിൽപാതയുമായി ബന്ധപ്പെട്ടാണെന്ന് ഇ. ശ്രീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതി ഡി.എം.ആർ.സി ഏറ്റെടുത്ത് നടത്തണമെന്ന താൽപര്യം സർക്കാറിനുണ്ടായിരുന്നു. എന്നാൽ, അതേക്കുറിച്ച് പഠിച്ചപ്പോൾ പദ്ധതി കേരളത്തിന് ഉപകാരപ്പെടുന്നതല്ലെന്ന് ബോധ്യമായി. ഇത് വ്യക്തമാക്കി റിപ്പോർട്ട് നൽകിയതോടെയാണ് തങ്ങൾ അനഭിമതരായത്. ഒരു പ്രഫഷനൽ ബോഡി എന്ന നിലയിൽ കൃത്യമായ റിപ്പോർട്ട് മാത്രമേ തങ്ങൾക്ക് നൽകാനാകൂ. ഇതിൽ സർക്കാർ താൽപര്യം നോക്കാൻ കഴിയില്ല. കേരളത്തിന് പ്രയോജനപ്പെടാത്ത പദ്ധതിയായതിനാലാണ് തങ്ങൾ പ്രതികൂല റിപ്പോർട്ട് നൽകിയതെന്നും ശ്രീധരൻ വ്യക്തമാക്കി.
ഇന്ത്യയിൽ ഡി.എം.ആർ.സിക്ക് അല്ലാതെ മറ്റാർക്കും ലൈറ്റ് മെട്രോയുടെ പ്രവർത്തനങ്ങൾ നടത്താനുള്ള സാങ്കേതിക അറിവ് ഇല്ല. നിർമാണ പ്രവർത്തനങ്ങൾക്ക് ആഗോള ടെൻഡർ വിളിക്കണമെങ്കിൽപോലും കൺസൾട്ടൻസി ആവശ്യമാണ്. ഓരോ വര്‍ഷം കഴിയുംതോറും പദ്ധതിച്ചെലവ് അഞ്ചുശതമാനത്തോളം വർധിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (കെ.എം.ആർ.എൽ) ഏൽപിച്ചാൽ സാധ്യമാകുമോ എന്ന ചോദ്യത്തിന് അവർക്ക് മറ്റ് ഒരുപാട് ജോലികൾ തീർക്കാനുണ്ടല്ലോ എന്നായിരുന്നു മറുപടി. ഇതുവരെയുണ്ടായ നഷ്ടം സർക്കാറിനോട് ആവശ്യപ്പെടില്ല.
ഡിസംബർ 18ന് കേരള റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡ് (കെ.ആർ.ടി.എൽ) ബോർഡ് യോഗത്തിൽ ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഡി.എം.ആർ.സിയെ ഏൽപിക്കേണ്ടെന്ന അഭിപ്രായം ഉയർന്നു. അതോടെ പ്രവർത്തനം നിർത്തി മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ലൈറ്റ് മെട്രോ പദ്ധതി ഡി.എം.ആർ.സി ഏറ്റെടുക്കണമെന്ന് കാണിച്ച് 2014ലാണ് അന്നത്തെ സർക്കാർ സമീപിച്ചത്. അതേവർഷംതന്നെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സർക്കാറിന് സമർപ്പിച്ചു. 2015 ജൂണിൽ കെ.ആർ.ടി.എൽ രൂപവത്കരിച്ചു. സെപ്റ്റംബറിൽ പദ്ധതിരേഖ സർക്കാർ അംഗീകരിച്ച് കേന്ദ്രസർക്കാറിന് സമർപ്പിച്ചു.
ഇത് കേന്ദ്രം അംഗീകരിക്കാൻ രണ്ടുവർഷത്തോളം എടുക്കുമെന്നതിനാൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാമെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചു. കൊച്ചി മെട്രോയുടേതടക്കം പ്രവർത്തനങ്ങൾ ഇത്തരത്തിലായിരുന്നു. സർക്കാർ മാറിതോടെ മുഖ്യമന്ത്രി പിണറായി വിജയൻ 2016 ജൂലൈയിൽ പദ്ധതി വിശകലനം ചെയ്തു. നടപടി തുടരാനായിരുന്നു തീരുമാനം. കേരളത്തിൽ പ്രവർത്തിക്കാൻ പ്രതിമാസം 16 ലക്ഷം രൂപ വീതം ചെലവായിട്ടുണ്ടെന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരെ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.എം.ആർ.സിയെ ഒഴിവാക്കിയത് അഴിമതിക്കെന്ന് ചെന്നിത്തല
തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന ഇ. ശ്രീധരനെപോലും അപമാനിച്ച് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്.സിയെ ഒഴിവാക്കുന്നത് അഴിമതി നടത്താനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ അവിവേകത്തിന് ഇടതുസര്‍ക്കാര്‍ കനത്തവില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഇ. ശ്രീധരനെയും ഡി.എം.ആര്.സിയെയും ഒഴിവാക്കുെന്നന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്തവരാണ് ലൈറ്റ് മെട്രോയില്‍നിന്ന് ശ്രീധരനെ ഒഴിവാക്കുന്നത്. മൂന്ന് മാസം കാത്തിരുന്നിട്ടും ശ്രീധരന് സന്ദര്‍ശനാനുമതി നല്കാന് മുഖ്യമന്ത്രി തയാറായിെല്ലന്ന പരാതി ഞെട്ടിക്കുന്നതാണ്. അധികാരത്തിെൻറ ഹുങ്കിലാണ് മുഖ്യമന്ത്രി. ലൈറ്റ് മെട്രോയുടെ സാങ്കേതികവിദ്യ നിലവില്‍ ഇന്ത്യയില്‍ ഡി.എം.ആർ.സിക്ക് മാത്രമേയുള്ളൂ. ഇവര്‍ മാറിയാല്‍ പുറമേനിന്ന് സാങ്കേതികവിദ്യ സ്വീകരിക്കാന്‍ മൂന്നരട്ടി െചലവ് വരും.
ശ്രീധരനെയും ഡി.എം.ആര്.സിയെയും ഏല്പിച്ചാല് ടെൻഡര്‍ നടപടികള്‍ ഉള്‍പ്പെടെ അവരുടെ മേല്‍നോട്ടത്തിലെ നടക്കൂ. വേണ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് ഇതിെൻറ ഗുണംകിട്ടുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാറിന്. ഇ. ശ്രീധരെൻറ സേവനം കിട്ടാന്‍ മറ്റ് സംസ്ഥാനങ്ങള്‍ കാത്തിരിക്കുമ്പോഴാണ് കേരളം അദ്ദേഹത്തെ അപമാനിച്ചയക്കുന്നത്. സങ്കുചിത താൽപര്യത്തിന് വേണ്ടി ശ്രീധരെൻറ സേവനത്തെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.