കൊച്ചി: കേന്ദ്ര സർക്കാർ പാസാക്കിയ 103ാം ഭരണഘടന ഭേദഗതിയിലൂടെ ഉദ്യോഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളും 10 ശതമാനം സവർണ മുന്നാക്ക സമുദായക്കാർക്ക് സംവരണം ചെയ്തത് ഭരണഘടന ഉറപ്പുനൽകുന്ന അവസരസമത്വം നിഷേധിക്കലാണെന്ന് സമസ്ത സംവരണ സംരക്ഷണ സമ്മേളനം വിലയിരുത്തി.
ജനസംഖ്യയിൽ പട്ടിക വിഭാഗങ്ങൾ ഉൾപ്പെടെ 77.5 ശതമാനം പിന്നാക്കമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്. ബാക്കി 22.5 ശതമാനമാണ് മുന്നാക്ക സവർണ വിഭാഗങ്ങൾ. സവർണ സംവരണം പാവങ്ങളെ സഹായിക്കാനെല്ലന്നും സംഘ് പരിവാർ അജണ്ടയാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം കവർന്നെടുക്കുകയാണ് ഇതിലൂടെ സംഘ്പരിവാർ ഉദ്ദേശിക്കുന്നത്. ചാതുർവർണ്യ സമ്പ്രദായത്തിലേക്കുള്ള കാൽവെയ്പ്പാണിത്. വസ്തുത അറിയാതെ കേരളത്തിലെ ഇടതു സർക്കാർ ആവേശത്തോടെ പിന്താങ്ങുന്ന ഭരണഘടനാ ഭേദഗതി അവരെ തുണക്കുന്ന വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനേ സഹായിക്കൂ. സുപ്രീംകോടതിയുടെ 1992ലെ വിധി അനുസരിച്ച് 10 വർഷം കൂടുമ്പോൾ പുനഃപരിശോധിച്ചില്ലെങ്കിൽ അസാധുവാകും എന്നതിനാൽ സംവരണ പട്ടിക ഉടൻ പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംവരണ സംരക്ഷണ സമിതി ചെയർമാനും വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയുമായ ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഇ. മൊയ്തീൻ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത മാനേജർ കെ.എം. മൊയ്തീൻകുട്ടി മാസ്റ്റർ, ലീഗൽ അഡ്വൈസർ അഡ്വ. മുഹമ്മദ് തയ്യീബ് ഹുദവി, അഡ്വ. കെ.എ. ഹസൻ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. അഡ്വ. വി.കെ. ബീരാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.