ന്യൂഡൽഹി/കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഒാഫ് ഇന്ത്യ ദേശീയ നേതാക്കളുടെ വീടുകളിലും സംസ്ഥാന സമിതി ഒാഫിസിലും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ദേശീയ ചെയര്മാന് ഒ.എം.എ. സലാമിെൻറ മഞ്ചേരിയിലെയും വൈസ് ചെയർമാൻ ഇ.എം. അബ്ദുറഹ്മാെൻറ കളമശ്ശേരിയിലെയും ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിെൻറ എളമരത്തെയും ദേശീയസമിതി അംഗം പ്രഫ. പി. കോയയുടെ കാരന്തൂരിലെയും മുൻ ദേശീയസമിതി അംഗം അഷ്റഫ് മൗലവിയുടെ പൂന്തുറയിലെയും വീടുകളിലാണ് ഇ.ഡി ഒരേസമയം പരിശോധന നടത്തിയത്. സംസ്ഥാന സമിതി ഒാഫിസായ കോഴിക്കോട് മീഞ്ചന്തയിലെ യൂനിറ്റി ഹൗസിലും ഇതേസമയം പരിശോധന നടന്നു. കേരളത്തിന് പുറമെ മറ്റ് എട്ടു സംസ്ഥാനങ്ങളിലും പരിശോധന നടന്നു.
തമിഴ്നാട്ടിൽ ചെന്നൈ, തെങ്കാശി, മധുര എന്നിവിടങ്ങളിലും ബംഗളൂരുവിലും പരിശോധന നടന്നു. ദർഭംഗ, പൂർണിയ (ബിഹാർ), ലഖ്നോ, ബാരബങ്കി (യു.പി), കൊൽക്കത്ത, മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മഹാരാഷ്ട്രയിലെ ഔറംഗബാദ്, രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂർ, ഡൽഹിയിൽ ശാഹീൻബാഗ് എന്നിവിടങ്ങളാണ് പരിശോധന നടന്ന മറ്റു കേന്ദ്രങ്ങൾ.
കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായിരുന്നു പരിശോധനയെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരം വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർചെയ്ത കേസുകൾ ഒന്നിച്ചാക്കിയുള്ള അന്വേഷണവും തെളിവുശേഖരണവുമാണ് പുരോഗമിക്കുന്നതെന്നും അധികൃതർ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം, ഡൽഹിയിലെ വർഗീയ അതിക്രമങ്ങൾ, സാമ്പത്തിക ബന്ധങ്ങൾ എന്നിവ അന്വേഷിക്കുന്നുണ്ട്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് േപാപുലർ ഫ്രണ്ടിെൻറ ഡല്‍ഹി അധ്യക്ഷന്‍ പര്‍വേസ് അഹ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കള്ളപ്പണ നിരോധന നിയമപ്രകാരം ഏറെ നാളായി പോപുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിനും ജനുവരിക്കുമിടയിൽ സംഘടനയുമായി ബന്ധപ്പെട്ട പല ബാങ്ക് അക്കൗണ്ടുകളിലേക്കായി 1.04 കോടി എത്തിയിട്ടുണ്ടെന്ന് ഇ.ഡി പറയുന്നു.
കേന്ദ്ര സേനയുടെ സുരക്ഷ അകമ്പടിയോടെ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കൊച്ചിയിൽനിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ നേതാക്കളുടെ വീടുകളിലും ഒാഫിസിലും പരിശോധന നടത്തിയത്.
മണിക്കൂറുകൾ നീണ്ട പരിശോധനക്കൊടുവിൽ ലാപ്ടോപ്, പെൻഡ്രൈവ്, വിസിറ്റിങ് കാർഡുകൾ, പുസ്തകങ്ങൾ, ഭൂമിയുടെ രേഖ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. റെയ്ഡ് വിവരമറിഞ്ഞ നിരവധി എസ്.ഡി.പി.ഐ-പോപുലർ ഫ്രണ്ട് പ്രവർത്തകർ നേതാക്കളുടെ വീടുകൾക്ക് മുന്നിൽ തടിച്ചുകൂടി. പ്രതിഷേധ പ്രകടനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.