കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കരുവന്നൂരിന് സമാനമായ, സി.പി.എം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ ബാങ്കുകളിൽനിന്ന് അനധികൃതമായി വായ്പ അനുവദിച്ചതായാണ് ആരോപണം. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് ഈ ബാങ്കുകളിൽനിന്നെല്ലാം വായ്പ അനുവദിച്ചതെന്നും കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള കലൂരിലെ പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇ.ഡി ആരോപിക്കുന്നു.
അനധികൃതമായി കൈക്കലാക്കിയ പണമുപയോഗിച്ച് ബിനാമി പേരുകളിൽ സതീഷ് വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും ഇയാൾ വെളിപ്പെടുത്താത്ത പല ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും അന്വേഷണത്തിൽ പുറത്തുവന്നതായും ഇ.ഡി പറയുന്നു. വായ്പ മുടങ്ങിയവരെ കണ്ടെത്തി തന്റെ പക്കലുള്ള പണം അത് തിരിച്ചടക്കാനായി നൽകിയശേഷം അവരുടെ വസ്തുവകകൾ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽവെച്ച് വൻ തുക വായ്പ എടുക്കുകയായിരുന്നു രീതി.
വായ്പ മുടങ്ങി ജപ്തിയുടെ വക്കിലെത്തിയവരെ കണ്ടെത്താൻ ഏജൻറുമാരുണ്ട്. ഉയർന്ന രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം ഇതിന് ലഭിച്ചിട്ടുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ ബാങ്കുകളുമായി സതീഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു.
റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് പ്രതികളെ തിരികെ ഹാജരാക്കിയപ്പോഴാണ് ഇ.ഡി കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എയുടെ ബിനാമികളെന്ന് ഇ.ഡി സംശയിക്കുന്ന സതീഷ് കുമാറിന് പുറമെ കൊടുങ്ങല്ലൂർ പെരിഞ്ഞനം പള്ളത്ത് വീട്ടിൽ പി.പി. കിരണാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.