തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രെൻറ ഭാര്യക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). 80 ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ല്‍ സൊസൈറ്റിക്ക് വാടകക്ക് നൽകിയ വകയിൽ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം സൊസൈറ്റിയില്‍ നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ ലഭിച്ചത്. സൊസൈറ്റിയിൽ നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും അക്കൂട്ടത്തിൽ രവീന്ദ്രെൻറ പേരില്ലെന്ന് കണ്ടെത്തി. പിന്നീടാണ് ബന്ധുക്കളുടെ പേരില്‍ ഇടപാടുണ്ടോ എന്ന കാര്യം പരിശോധിച്ചത്. അതിലാണ് 2018 ല്‍ സൊസൈറ്റിക്കായി രവീന്ദ്രെൻറ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകക്ക് കൈമാറിയതായ രേഖ ലഭിച്ചതെത്ര.
പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും 2500 രൂപയെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടര വര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ യന്ത്രം പ്രവര്‍ത്തിക്കുന്നു. പ്രതിമാസം രവീന്ദ്രെൻറ ഭാര്യയുടെ അക്കൗണ്ടിലേക്ക് വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായി ബാങ്ക് രേഖകളുണ്ടെന്ന് ഇ.ഡി പറയുന്നു.
രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുന്നതിനാണ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്. അതേസമയം, വിഷയത്തിൽ യു.എൽ.സി.സിയുടെ പ്രതികരണത്തിന് ബന്ധപ്പെെട്ടങ്കിലും ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.