കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും യുനിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്. ഇരുവരുടെയും പേരിലുള്ള 5.38 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്‍റെ വീടും സ്വപ്നയുടെ സ്ഥാവര സ്വത്തുക്കളും ബാങ്ക് ബാലൻസുകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
കേസിൽ എം. ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ഏപ്രിൽ 20നാണ് ഇ.ഡി കൊച്ചിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വപ്ന, സന്തോഷ് ഈപ്പൻ, വിദേശ പൗരൻ ഖാലിദ്, സരിത്ത്, സന്ദീപ് എന്നിവർ ഉൾപ്പെടെ ആകെ 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഇതിൽ ശിവശങ്കറും സന്തോഷ് ഈപ്പനുമാണ് അറസ്റ്റിലായത്.
സന്തോഷ് ഈപ്പന്‍റെ രണ്ട് കമ്പനികൾ കേസിൽ ഉൾപ്പെട്ടതായി ഇ.ഡി കണ്ടെത്തിയിരുന്നു. കേസിലെ സൂത്രധാരൻ ശിവശങ്കറാണെന്നാണ് കണ്ടെത്തൽ. പ്രളയബാധിതർക്ക് വീട് നിർമിച്ചുനൽകാനുള്ള ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.