തിരുവനന്തപുരം: ആറ് മാസം കൊണ്ട് തീർപ്പാക്കേണ്ടത് 82,000 ഫയലുകൾ; പണിയെടുക്കുന്നവരെ കാത്തിരിക്കുന്നത് ആദരവും അംഗീകാരവും. പണിയെടുക്കാത്തവർക്ക് സർക്കാർ വക ‘പണി’ പാർസലായും വരും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും അതിന് കീഴിലുള്ള ഒാഫിസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനാണ് ഫയൽ ഒാഡിറ്റ് എന്ന േപരിൽ തീർപ്പാക്കൽ യജ്ഞം നടത്തുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച പരിപാടിയുടെ മുന്നോടിയായുള്ള സംസ്ഥാനതല ശിൽപശാല തിരുവനന്തപുരത്ത് നടന്നു. തീർപ്പാകാത്ത ഫയലുകളിൽ നാലിലൊന്നും അധ്യാപകനിയമനത്തിെൻറയും നിയമനാംഗീകാരത്തിേൻറതുമാണ്. ഇതിൽ ബഹുഭൂരിഭാഗവും എയ്ഡഡ് സ്കൂളുകളിലേതും. ഏതായാലും ഡിസംബർ 31നകം തീർപ്പാക്കിയില്ലെങ്കിൽ ജീവനക്കാർ മറുപടി പറയേണ്ടി വരും.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് പുറമെ 14 ഡി.ഡി.ഇ ഒാഫിസുകൾ, കീഴിലുള്ള ഡി.ഇ.ഒ, എ.ഇ.ഒ ഒാഫിസുകൾ എന്നിവിടങ്ങളിലാണ് ഇത്രയും ഫയലുകൾ കെട്ടിക്കിടക്കുന്നത്. 2017 ഡിസംബർ 31വരെയുള്ള ഫയലുകളുടെ എണ്ണം ശേഖരിച്ചാണ് തീർപ്പാക്കൽ യജ്ഞത്തിന് തുടക്കംകുറിക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് മലപ്പുറം ജില്ലയിലാണ്, 9362. കോഴിക്കോട്ട് 9182ഉം എറണാകുളത്ത് 6448ഉം കണ്ണൂരിൽ 5860ഉം തിരുവനന്തപുരത്ത് 5435ഉം ഫയലുകളുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ മാത്രം 15588 ഫയലുകൾ തീർപ്പുകാത്തുകിടക്കുന്നുണ്ട്. ഇതിൽ 974 എണ്ണം അഞ്ച് വർഷത്തിന് മുകളിലുള്ളതാണ്. 2500ഒാളം ഫയലുകൾ കോടതികളിലെ കേസുമായി ബന്ധപ്പെട്ട് തീർപ്പാകാത്തവയാണ്. ഇവയിലും നിയമ നടപടികൾ സ്വീകരിച്ച് തീർപ്പാക്കാനാണ് ഫയൽ ഒാഡിറ്റിലൂടെ ലക്ഷ്യമിടുന്നത്.
നാലുഘട്ട ഫയൽ ഒാഡിറ്റിങ് ആണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ രണ്ടിനും പത്തിനുമിടയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസുകളിൽ ഒാഡിറ്റ് നടക്കും. ജൂലൈ 18നും 21നും ഇടയിൽ ജില്ല വിദ്യാഭ്യാസ ഒാഫിസുകളിലും ജൂലൈ 23നും 27നും ഇടയിൽ ഉപജില്ല വിദ്യാഭ്യാസ ഒാഫിസുകളിലും ഒാഡിറ്റ് നടക്കും. ജൂലൈ 16നും 21നും ഇടയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഒാഡിറ്റ് നടക്കും. എല്ലായിടത്തെയും റിപ്പോർട്ട് ജൂലൈ 31നകം സമർപ്പിക്കണം.
ഫയൽ തീർപ്പുകൽപ്പിക്കുന്നതിൽ ജീവനക്കാർ കാണിക്കുന്ന കാര്യക്ഷമത പ്രത്യേകം പരിശോധിക്കുകയും ഇവരുടെ ചുരുക്കപ്പട്ടിക തയാറാക്കി പുരസ്കാരത്തിനും ഗുഡ്സർവിസ് എൻട്രിക്കും പരിഗണിക്കുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പറഞ്ഞു. അതേസമയം, ഫയലുകളിൽ അനാവശ്യകാലതാമസം വരുത്തുന്നവരെ ഘട്ടംഘട്ടമായി കണ്ടെത്തി നടപടി സ്വീകരിക്കും. ഫയൽ ഒാഡിറ്റ് ശിൽപശാല വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.