തിരുവനന്തപുരം: കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസം അനിവാര്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ദീപ്തി-ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ പഠനോപകരണ വിതരണോദ്ഘാടനവും നവചേതന - ചങ്ങാതി പദ്ധതികളുടെ പരീക്ഷാഫല പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കിൽ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ വിദ്യാഭ്യാസം. ബ്രെയിൽലിപിയിൽ വായിക്കാനും എഴുതാനും കഴിയുക എന്നതാണ് ബ്രെയിൽസാക്ഷരത. കാഴ്ചപരിമിതരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ വിദ്യാഭാസമില്ലാത്തതിന്റെ കുറവാണെന്ന് മനസിലാക്കിയാണ് സാക്ഷരതാമിഷൻ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് കാഴ്‌ചവെല്ലുവിളി നേരിടുന്നവരെ ബ്രെയിൽ ലിപിയിൽ സാക്ഷരരാക്കുന്നതിനായാണ് ദീപ്തിപദ്ധതിക്ക് രൂപം നൽകിയത്. ബ്രെയിൽ സാക്ഷരതയിലെ തുടർവിദ്യാഭ്യാസ പ്രവർത്തനം കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സാക്ഷരതാമിഷൻ അക്ഷരം ഹാളിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ ബ്രെയിൽ സാക്ഷരതാ പാഠപുസ്തക നിർമ്മാണ ശില്പശാലയിൽ പങ്കെടുത്ത സംസ്ഥാനതല റിസോഴ്സ് പേഴ്സൺമാരെ മന്ത്രി ആദരിച്ചു. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി സുരേഷ് കുമാർ ബ്രെയിൽ പഠനോപകരണങ്ങൾ പഠിതാക്കൾക്ക് വിതരണം ചെയ്തു.
സാക്ഷാമിഷൻ അതോറിറ്റി ഡയറക്ടർ എ.ജി. ഒലീന, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം, കെ, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം പ്രസിഡൻറ് എം. സുധീർ, സാക്ഷരതാമിഷൻ അസി. ഡയറക്ടർ ഡോ. ജെ. വിജയമ്മ, സംസ്ഥാന കോ-ഓർഡിനേറ്റർ മാരായ ഡോ. വി.വി. മാത്യു, ഡോ. മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി.വി. ശ്രീജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.