തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിന്‍റെ (കെ.എ.എസ്) ആദ്യ ബാച്ചിലെ ചിലർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളിൽ കെ.എ.എസുകാരെ നിയമിച്ചത് അവിടെ നിലവിലുള്ള സമ്പ്രദായങ്ങൾ അതുപോലെ തുടർന്നു പോകാനല്ല. തിരുത്താനുള്ളവർ തിരുത്താൻ തയാറാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെ.എ.എസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ഇത്രയും പ്രക്രിയകളിലൂടെ നിങ്ങളെ തെരഞ്ഞെടുത്ത് വിവിധ വകുപ്പുകളിൽ നിയമിച്ചത് അവിടെ നിലവിലുള്ള സമ്പ്രദായങ്ങൾ അതുപോലെ തുടർന്നു പോകാനല്ല എന്ന തിരിച്ചറിവുണ്ടാകണം. ആ വകുപ്പുകലിൽ പുരോഗനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണം. പുതുപാത വെട്ടിത്തുറക്കാനാകണം. ചുവപ്പുനാട പഴയതു പോലെ ഇല്ല, പക്ഷേ ചില വകുപ്പുകളിൽ ഇപ്പോഴും ഉണ്ട്. അത് മാറ്റിയെടുക്കണം. അടുത്ത ബാച്ചിനെ നിയമിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്.
പാർട്രിയാർക്കിസം എന്ന പ്രയോഗം അറിയാമല്ലോ, ഇന്നത് പഴയതുപോലെ നിലനിൽക്കുന്നില്ല. എന്നാൽ ചില വകുപ്പുകളിൽ ഏറിയും കുറഞ്ഞുമെല്ലാം അത് നിലനിൽക്കുന്നുണ്ട്. അതിനെക്കൂടി ഇല്ലാതാക്കാനാണ് നിങ്ങളെ നിയമിച്ചതെന്ന ഓർമ വേണം. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളിൽ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുത്. ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നോട്ടത്തിന്റെ മാനദണ്ഡം” -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.